ജെ.ഡി.ടി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം; നാല് അധ്യാപകര്‍ക്കെതിരെ നടപടി

കോഴിക്കോട്: വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ ജെ.ഡി.ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാല് അധ്യാപകര്‍ക്കെതിരെ മാനേജ്മെന്‍റ് നടപടി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി സംബന്ധിച്ച പരാതി പരിഹരിക്കാനായി ഓഫിസിലേക്ക് വിളിച്ചുവരുത്തിയ രണ്ടു വിദ്യാര്‍ഥികളെ ഏതാനും അധ്യാപകര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് അധ്യാപകരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്ളസ് ടു ഇംഗ്ളീഷ് അധ്യാപകരായ നബീല്‍, മുഹമ്മദ് ഷാജു എന്നിവരെയാണ് പുറത്താക്കിയത്. നിസാര്‍, ഇല്യാസ് എന്നിവരെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

ജെ.ഡി.ടി ഇസ്ലാമിക് ഇഖ്റ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വെള്ളിയാഴ്ചയുണ്ടായ അടിപിടിയാണ് സംഭവത്തിന് കാരണം. രണ്ടു ദിവസം മുമ്പ് വിദ്യാര്‍ഥികള്‍ തമ്മില്‍ കശപിശ ഉണ്ടായിരുന്നു. ഇതിന് പ്രതികാരമായി ഏതാനും വിദ്യാര്‍ഥികള്‍ മറ്റൊരു കുട്ടിയെ മാരകമായി അടിച്ച് പരിക്കേല്‍പിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയവരെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ അധ്യാപകര്‍ ഓഫിസിലേക്ക് വിളിച്ച് ചോദ്യംചെയ്തു. ഇതിനിടെ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വിദ്യാര്‍ഥികളെ അധ്യാപകര്‍ കൈയേറ്റം ചെയ്തെന്നുമാണ് പരാതി. മര്‍ദനമേറ്റ വിദ്യാര്‍ഥികളായ റിദാ സാഹില്‍, കെ. ആദില്‍ എന്നിവര്‍ അന്നുതന്നെ ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി.

കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി തിങ്കളാഴ്ച സ്കൂളിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. വിദ്യാര്‍ഥി യൂനിയനുകളുടെ ആവശ്യപ്രകാരം മാനേജ്മെന്‍റ് നാലുപേര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്‍റും രക്ഷിതാക്കളും സംയുക്തമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍: സ്വമേധയാ രാജിവെക്കാമെന്ന് യോഗത്തില്‍ നബീല്‍, മുഹമ്മദ് ഷാജു എന്നീ അധ്യാപകര്‍ സമ്മതിച്ചു. മുഹമ്മദ് ഷാജു പരീക്ഷ ഡ്യൂട്ടി ഉള്ളതുകൊണ്ട് 22ന് രാജിവെക്കും. നബീല്‍ 13ന് രാജിവെക്കും. നിസാര്‍, ഇല്യാസ് എന്നീ അധ്യാപകരുടെ കാര്യത്തില്‍ മാനേജ്മെന്‍റും രക്ഷിതാക്കളും ചേര്‍ന്ന അന്വേഷണ കമ്മിറ്റി ഉടന്‍ രൂപവത്കരിക്കും. അന്വേഷണവിധേയമായി 13 മുതല്‍ മാര്‍ച്ച് 13വരെ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് മാനേജ്മെന്‍റ് വഹിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരുവിധ പ്രതികാര നടപടിയും ഉണ്ടായിരിക്കില്ളെന്നും പ്രിന്‍സിപ്പല്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇനി ഇത്തരം നടപടികള്‍ മാനേജ്മെന്‍റിന്‍െറയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഉണ്ടാവില്ളെന്നും മാനേജ്മെന്‍റും പ്രിന്‍സിപ്പലും ഉറപ്പുനല്‍കി. ജെ.ഡി.ടിക്ക് അകത്തും പുറത്തും അച്ചടക്കം സംരക്ഷിക്കുന്നതിന് വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്‍റും പൊതുജനങ്ങളും രക്ഷിതാക്കളും ചേര്‍ന്ന കമ്മിറ്റി രൂപവത്കരിക്കാനുള്ള ശിപാര്‍ശ പ്രിന്‍സിപ്പല്‍ മാനേജ്മെന്‍റിന് സമര്‍പ്പിക്കും.

 

Tags:    
News Summary - student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.