പെരുമ്പിലാവ്: മണിക്കൂറിന്‍റെ വ്യത്യാസത്തിൽ പെരുമ്പിലാവിൽ രണ്ടപകടം. ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച ലോറി നിർത്താതെ പോയി. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്‍റെ മകൻ ഗൗതം (17) ആണ് മരിച്ചത്. പെരുമ്പിലാവ് കണ്ണേത്ത് മനുവിനാണ് (17) പരിക്കേറ്റത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. പെട്രോൾ അടിക്കാനായി പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പിറകുവശം തട്ടി ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയവർ ഇരുവരേയും അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല.
ഗൗതമിന്‍റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും.
കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് ഗൗതം. മാതാവ്: രജില. സഹോദരങ്ങൾ: വൈഗ, ഭഗത്.
മണിക്കൂറിനകം തന്നെ മേഖലയിൽ മറ്റൊരു വാഹനാപകടം കൂടിയുണ്ടായി. പെട്രോൾ പമ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കോഴിക്കോട് ഭാഗത്തു നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ ആളപായമില്ല.
അപകടത്തിൽ മിനി ലോറിയുടെ മുൻവശം തകർന്നു. പമ്പിനു സമീപം മാസങ്ങളായി നിർത്തിയ ലോറി പമ്പിൽ നിന്നും ഇറങ്ങുന്ന വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന രാതിയിലാണെന്നും അതിനാലാണ് മേഖലയിൽ അപകടങ്ങൾ ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.