തിരുവനന്തപുരം: എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഹപാഠികളുടെ പീഡനങ്ങൾക്കിരയായ മിഹിർ അഹമ്മദ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സി.ബി.എസ്.ഇ സ്കൂളാണെങ്കിലും അതോടൊപ്പം കേംബ്രിജ് യൂനിവേഴ്സിറ്റിയുടെ ഇന്റർനാഷനൽ സിലബസും സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ അംഗീകാരം ആവശ്യമാണ്. ഗ്ലോബൽ പബ്ലിക് സ്കൂളിന് എൻ.ഒ.സി ലഭിച്ചിട്ടില്ല. രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. മതിയായ രേഖകൾ ഹാജരാക്കുന്നില്ലെങ്കിൽ വിപുലമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ കർശനമായ നടപടി സ്വീകരിക്കും. അനുവാദം വാങ്ങാതെ വൻ ഫീസ് ഈടാക്കിയും നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാതെയും നടത്തുന്ന നിരവധി സ്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് മുഹ്സിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരെയും പ്രാഥമിക കൗൺസിലർമാർ എന്ന നിലയിൽ കൂടി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ആലോചിക്കുകയാണ്. സ്കൂള്‍ കുട്ടികളിലെ മാനസിക-ആരോഗ്യപ്രശ്നങ്ങളുടെ വ്യാപനവും തോതും കണ്ടെത്തുന്നതിനും അതിനുള്ള പരിഹാര നടപടികളുടെയും ഭാഗമായാണ് ഈ ശ്രമമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.