മലപ്പുറം: ഡി.സി.സി പ്രസിഡന്‍റിനെതിരെ പടയൊരുക്കം ശക്തം. വി.എസ്. ജോയിയെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് പാർട്ടിക്കുള്ളിൽ ഒപ്പുശേഖരണം നടക്കുകയാണ്. എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പുശേഖരണത്തിന് ഐ വിഭാഗത്തിലെ പഴയ നേതാക്കളുടെയും പിന്തുണയുണ്ട്. കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്‍റുമാർ എന്നിവരുടെ ഒപ്പുശേഖരമാണ് നടക്കുന്നത്. തുടർന്ന് കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് സമർപ്പിക്കാനാണ് നീക്കം.
2021 ആഗസ്റ്റിലാണ് ജോയിയെ പ്രസിഡന്‍റായി പ്രഖ്യാപിക്കുന്നത്. ജില്ലയുടെ തുടക്കം മുതൽ പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിനായിരുന്നു ലഭിച്ചത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ ശക്തമായ പിന്തുണയിലായിരുന്നു ജോയിക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്. ഇതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നത്. ഗ്രൂപ്പുരാഷ്ട്രീയമാണ് ജോയി നടത്തുന്നതെന്ന പരാതി ശക്തമാണ്.
പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുന്നില്ലെന്നും സമവായത്തിന് ശ്രമിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളെ അട്ടിമറിക്കുന്നു, ഇഷ്ടമുള്ളവരെ നിയമിക്കുെന്നന്നും ഇതിൽ സംഘടനതലത്തിലുള്ള കൂടിയാലോചനകൾ നടക്കുന്നില്ല എന്ന ആരോപണമുണ്ട്. ഭാരത്ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പിരിഞ്ഞുകിട്ടിയ തുകയുടെ കണക്കുമായി ബന്ധപ്പെട്ട് നവംബറിൽ ചേർന്ന ഡി.സി.സി യോഗത്തിൽ ബഹളമുണ്ടായിരുന്നു.
ഇ. മുഹമ്മദ്കുഞ്ഞി, വി.എസ്. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ ഒരുവിഭാഗം ഇപ്പോൾ എ.പി. അനിൽകുമാറിനൊപ്പമാണ്. നേരേത്ത, അനിൽകുമാറിനൊപ്പമുണ്ടായിരുന്ന പി.ടി. അജയ് മോഹൻ ഇപ്പോൾ മറുപക്ഷത്താണ്. യു.കെ. അഭിലാഷ്, പി.ആർ. രോഹിൽനാഥ് തുടങ്ങിയ പഴയ ഐ ഗ്രൂപ്പുകാരും ആര്യാടൻ ഷൗക്കത്തിന്‍റെ എ വിഭാഗവുമായി ധാരണയിലാണ്.
ഷൗക്കത്തിന് പുറമെ വി.എ. കരീം, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, വി. സുധാകരൻ, കെ.എ. പത്മകുമാർ എന്നിവരാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നൽകുന്നത്. കെ.പി.സി.സി ഭാരവാഹികളിൽ വി. ബാബുരാജ് ആര്യാടൻ ഷൗക്കത്ത് അനുകൂല നിലപാടിലാണ്. ആലിപ്പറ്റ ജമീല, കെ.പി. നൗഷാദ് അലി തുടങ്ങിയവർ നിക്ഷ്പക്ഷത പാലിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.