സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർക്കശ നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പിന്‍റെ വിവിധ പദ്ധതികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അപൂർവം ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരേ ഉണ്ടാകുന്ന അക്രമങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരക്കാർ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ ഉയർത്തിക്കൊണ്ടുവന്ന വികസനത്തിന്‍റെ ജനകീയ ബദൽ നടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. ഇതിനുള്ള മുന്നൊരുക്കം സർക്കാർ നടത്തുകയാണ്. ഇതിൽ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

രാജ്യമാകെ കോവിഡ് മൂന്നാം തരംഗം ആശങ്ക ഉയർത്തുന്ന ഘട്ടമാണിത്. ഇത് മുൻകൂട്ടി കണ്ടാണ് കേരളമാകെ ഒട്ടേറെ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. ഇതുവരെ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ ഇടപെടലുകൾ മികച്ചതാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിച്ചവർക്ക് മികച്ച പരിചരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാത്ത ഒരാളും കേരളത്തിലുണ്ടായിട്ടില്ല.

സംസ്ഥാനത്തെ 213 ആരോഗ്യ സ്ഥാപനങ്ങൾക്കായി 56.59 കോടി രൂപ ചെലവഴിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 100 കിടക്കകളോടെ എല്ലാ വിധ സജ്ജീകരണങ്ങളുമുള്ള രണ്ടു പുതിയ ഐ.സി.യുകളാണ് ആരംഭിച്ചിരിക്കുന്നത്. 37.61 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ മേഖലയിൽ പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മെച്ചപ്പെടുത്തുന്ന പ്രവർത്തനം തുടരുകയാണ്.

സംസ്ഥാനത്തെ നാലാമത്തെ മരുന്നു പരിശോധനാ ലാബാണ് കോന്നിയിൽ പ്രവർത്തനം തുടങ്ങുന്നത്. മലയോര തീരദേശ മേഖലകളിലെ 11 ഐ.സി.ഡി.എസ് പദ്ധതികളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആയിരംദിന പരിപാടി നടപ്പാക്കിയത്. ഇത് ആകെ 28 പദ്ധതികളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 2.19 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തു.

Tags:    
News Summary - Strict action against those who attack health workers in the state - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.