പുരുലിയ: കേരളത്തില്‍ മുതിര്‍ന്നവരെപ്പോലും കടിച്ചു കീറുന്ന തെരുവു നായ്ക്കള്‍ അങ്ങ് ബംഗാളില്‍ പ്രസവിച്ച് ഏഴാംനാള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിന്‍െറ ജീവന് കാവല്‍ക്കാരായി. അവിശ്വസനീയമായ ഈ സംഭവത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും തീരാത്ത അമ്പരപ്പിലാണ് പുരുലിയ പത്തര്‍ദിപാറയിലെ ഗ്രാമവാസികള്‍. ഉല്ലാസ് ചൗധരി എന്ന അധ്യാപകന്‍ സ്കൂളിലേക്ക് പോകുന്ന വഴിയരികിലെ കുറ്റിക്കാട്ടില്‍നിന്ന് കേട്ട പിഞ്ചുകുഞ്ഞിന്‍െറ കരച്ചിലാണ് സംഭവം പുറംലോകത്തത്തെിച്ചത്.

ശബ്ദം കേട്ട ദിക്കുനോക്കി ചെന്ന ചൗധരി അവിശ്വസനീയമായ ആ കാഴ്ച കണ്ട് ഞെട്ടി. നരച്ച പിങ്ക് നിറത്തിലെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ഒരു പെണ്‍കുഞ്ഞ്. അതിനരികില്‍ സദാ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്ന നാല് തെരുവുനായ്ക്കള്‍. കുഞ്ഞിന് നേരെ പറന്നടുക്കുന്ന കാക്കകളെ തുരത്തി അവറ്റകള്‍ കാവല്‍ പടയാളികളായി നിലകൊള്ളുന്നു.

കുഞ്ഞിനെ അപഹരിക്കാനത്തെിയതാണെന്ന് കരുതി നായ്ക്കള്‍ ചൗധരിക്കുനേരെയും കുരച്ചുചാടി. പിന്നീട് രക്ഷപ്പെടുത്താനാണ് ശ്രമമെന്നറിഞ്ഞതുകൊണ്ടാവാം നായ്ക്കള്‍ അയാളെ നോക്കി വാലാട്ടാന്‍ തുടങ്ങി. ചൗധരിയുടെ വിളിയൊച്ച കേട്ട് ഓടിയത്തെിയ നാട്ടുകാരും ആ കാഴ്ച കണ്ട് അമ്പരന്നു. ചൗധരിയുടെ അയല്‍വാസിയായ പ്രവീണ്‍ സെന്‍ കുഞ്ഞിനെ എടുത്തു വീട്ടിലേക്കു നടന്നു. നാട്ടുകാര്‍ ജാഥ പോലെ അതിനു പിന്നാലെ കൂടി. ഏറ്റവും പിന്നിലായി ആ പുരുഷാരത്തെ അനുഗമിച്ച് നാലു നായ്ക്കളും.

അല്‍പം പാല്‍ കൊടുത്തതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പുരുലിയ സദര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. അവര്‍ അറിയിച്ചതനുസരിച്ച് കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ദേബന്‍ മഹാതോ സദര്‍ ആശുപത്രിയിലത്തെിച്ച കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പ്രസവം കഴിഞ്ഞിട്ട് ഏഴ് ദിവസമായതായി സ്ഥിരീകരിച്ചു. കുഞ്ഞിന് മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണമുണ്ടെങ്കിലും പേടിക്കാനില്ളെന്നാണ് ഡോ. ശിബ്ശങ്കര്‍ മഹാതോ അറിയിച്ചത്.

അതിനിടയില്‍ കുഞ്ഞിന് ഉല്ലാസ് ചൗധരി ‘സാനിയ’ എന്നു പേരുമിട്ടു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുമെന്ന് ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ ദീപാങ്കര്‍ സര്‍ക്കാര്‍ അറിയിച്ചു. പെറ്റമ്മ പോലും ഉപേക്ഷിച്ചപ്പോള്‍ കാവല്‍ക്കാരായി നാല് തെരുവു നായ്ക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ജീവനോടെ കുഞ്ഞിനെ കിട്ടുമായിരുന്നില്ളെന്നാണ് ഉല്ലാസ് ചൗധരി പറയുന്നത്. അത് പിന്നെയും പിന്നെയും പറഞ്ഞ് പത്തര്‍ദിപാറ ഗ്രാമവാസികള്‍ മൂക്കത്തു വിരല്‍വെക്കുന്നു.

Tags:    
News Summary - street dog protect sania

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.