കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നത് അന്വേഷിക്കണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ സംഘടനകളുണ്ടാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഇത്തരം സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.  തെരുവുനായ്ക്കളെ കൊല്ലാന്‍ പരസ്യമായി ആഹ്വാനം നല്‍കുന്ന ജോസ് മാവേലിയോട് നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസ് മാര്‍ച്ച് ഒന്നിന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ വിവിധ സംഘടനകളും ക്ളബുകളും തെരുവുനായ്ക്കളെ കൊല്ലാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇത് നഗ്നമായ നിയമലംഘനമാണെന്നും മൃഗസ്നേഹികളുടെ കൂട്ടായ്മയാണ് സുപ്രീംകോടതിയെ അറിയിച്ചത്. വിവേചനരഹിതമായി നായ്ക്കളെ കൊല്ലരുതെന്ന് ഒക്ടോബറിലെ സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടുള്ള ഈ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് മൃഗസ്നേഹികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഈ സ്ഥിതിവിശേഷം ഗുരുതരമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നായ്ക്കളെ കൊല്ലാന്‍ കുട്ടികള്‍ക്ക്  പരിശീലനം നല്‍കുന്നുണ്ടെന്നും എയര്‍ ഗണ്ണും സ്വര്‍ണനാണയങ്ങളും പാരിതോഷികമായി നല്‍കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാറിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്കെന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു.
എന്നാല്‍, നായ്ക്കളെ കൊല്ലുന്ന സംഘടനകളുടെ പ്രവര്‍ത്തനം നിയമപരമല്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നായ്ക്കളെ കൊല്ലുന്ന സംഘടനകളുടെ നിലപാടും കൊല്ലുകയേ വേണ്ടെന്ന മൃഗസ്നേഹികളുടെ നിലപാടും ഒരുപോലെ തെറ്റാണെന്ന് സംസ്ഥാന  സര്‍ക്കാര്‍ ബോധിപ്പിച്ചു. സംസ്ഥാന ചട്ടപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉചിതമായ നടപടിയെടുക്കാന്‍ അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഇതിനെതുടര്‍ന്നാണ് സംഘടനകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിരിജഗന്‍ കമ്മിറ്റിയോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. നായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിച്ച 19 കേസുകളില്‍  പൊലീസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് നേരിട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യണം. നായ്ക്കളെ നേരിടുന്നതിന് മൃഗക്ഷേമ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ ചിത്രങ്ങള്‍ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മനുഷ്യനും നായയും ഒരു പോലെ ദൈവിക സൃഷ്ടികളാണെങ്കിലും നായ്ക്കളെക്കാള്‍  ബുദ്ധിയുള്ള മനുഷ്യരുടെ ജീവന് വിലയുണ്ടെന്ന് കോടതി പ്രതികരിച്ചു. തെരുവുനായുടെ ആക്രമണത്തില്‍ സില്‍വമ്മക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയപ്പോള്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയായ ഡോളിയുടെ കുടുംബത്തിന് 40,000 രൂപ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് അഡ്വ.വി.കെ. ബിജു ചൂണ്ടിക്കാട്ടി. ഇതിനെതുടര്‍ന്ന് ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യനോട് സിരിജഗന്‍ കമ്മിറ്റി മുമ്പാകെ ആവശ്യം ഉന്നയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

 

Tags:    
News Summary - stray dog kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.