കൊച്ചി: ജാതിവ്യവസ്ഥയുടെ അടിത്തറ ഇളക്കി സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിലൂടെ സൃഷ്ടിച്ച സാമൂഹിക വിസ്ഫോടനത്തിന് 100 വയസ്സ് തികയുന്നു. ക്രൂരമായ ജാതീയതക്ക് മുന്നിൽ ദലിതെൻറ ജീവിതം അടിമകളേക്കാൾ താഴ്ന്നുപോയ സാമൂഹികാന്തരീക്ഷത്തിൽ ഇൗഴവനെയും പുലയനെയും സഹോദരൻ ഒരു പാത്രത്തിൽനിന്ന് ഭക്ഷണം കഴിപ്പിച്ചു. നൂറ്റാണ്ടിനിപ്പുറവും ആ സാഹസികതയെ ത്രസിക്കുന്ന ഒാർമയായി നെഞ്ചേറ്റുകയാണ് അദ്ദേഹത്തിെൻറ ജന്മഗ്രാമം.
ജാതീയതയുടെ വേരറുക്കാൻ മാർഗം തേടിയലഞ്ഞ അയ്യപ്പെൻറ മനസ്സിൽ പുതിയൊരു വിപ്ലവത്തെക്കുറിച്ച ചിന്തക്ക് വിത്തിട്ടത് ‘ജാതിയെക്കുറിച്ച് പറഞ്ഞുനടന്നാൽ മാത്രം കാര്യമായോ’ എന്ന ശ്രീനാരായണ ഗുരുവിെൻറ ചോദ്യമാണ്. ജാതിചിന്തക്കെതിരായ പ്രവർത്തനത്തിെൻറ തുടക്കം സ്വസമുദായത്തിൽനിന്നാകെട്ട എന്ന് അദ്ദേഹം തീരുമാനിച്ചു. 1917 മേയ് 29ന് ചെറായിയിലെ തുണ്ടിടപ്പറമ്പിൽ സമുദായാംഗങ്ങളുടെ യോഗം വിളിച്ചതും അയ്യപ്പനും സുഹൃത്തുക്കളും നോട്ടീസ് അച്ചടിച്ച് ആളെ കൂട്ടിയതുമെല്ലാം ഇവിടത്തെ പഴമക്കാർക്ക് പറഞ്ഞുകേട്ട ഒാർമകളാണ്.
മിശ്രഭോജനമായിരുന്നു യോഗത്തിെൻറ ലക്ഷ്യമെങ്കിലും വെളിപ്പെടുത്തിയില്ല. വൈകീട്ട് ചേർന്ന യോഗത്തിന് മുപ്പതോളം പേരെത്തി. മറ്റപ്പിള്ളി കുമാരനായിരുന്നു അധ്യക്ഷൻ. പ്രസംഗകരെല്ലാം ജാതീയതക്കെതിരെ തുറന്നടിച്ചു, പ്രതിജ്ഞയെടുത്തു. അവസാനമാണ് അയ്യപ്പൻ പ്രഖ്യാപിച്ചത്; പുലയ യുവാക്കളോടൊപ്പം ഞാൻ ഭക്ഷണം കഴിക്കുന്നു. അതോടെ അധ്യക്ഷനടക്കം ഭൂരിഭാഗം പേരും സ്ഥലം വിട്ടു. ശേഷിച്ചത് അഞ്ചോ എേട്ടാ പേർ. പറവൂർ വടക്കുംപുറത്തുനിന്ന് കേളപ്പനാശാെൻറ നേതൃത്വത്തിൽ 22ഒാളം പുലയൻമാർ ജാഥയായി വന്നതോടെ പ്രതീക്ഷിച്ചതിലും ആളായി. കോരശ്ശേരി അയ്യർ എന്ന പുലയൻ 11 വയസ്സുള്ള മകൻ കണ്ണനൊപ്പമാണ് എത്തിയത്. ചക്കക്കുരുവും കടലയും ചേർത്തുണ്ടാക്കിയ മെഴുക്കുപുരട്ടി കണ്ണൻ ചോറിൽ കൂട്ടിക്കുഴച്ചു. എല്ലാവരും അതിൽനിന്ന് ഒരു പങ്ക് ഭക്ഷിച്ചു. മിശ്രഭോജനം പ്രസ്ഥാനമായി പടരുകയായിരുന്നു.
അയ്യപ്പെൻറ അതിസാഹസികതക്കെതിരെ നാട് ഇളകി. സവർണതയിൽ ഉൗറ്റം കൊണ്ടവർ അദ്ദേഹത്തിന് ‘പുലയനയ്യപ്പൻ’എന്ന് വിളിപ്പേരിട്ടു. മിശ്രഭോജനത്തിൽ പെങ്കടുത്തവരെ ഇൗഴവ സംഘടനയായ വിജ്ഞാനവർധിനി സഭയിൽനിന്ന് പുറത്താക്കി. അയ്യപ്പെൻറ ദേഹത്ത് ചിലർ ഉറുമ്പിൻകൂടെറിഞ്ഞ് വെള്ളമൊഴിച്ചു. തലയിൽ കശുവണ്ടി കറ കോരിയിട്ടു. നാടുകടത്തണമെന്ന് വരെ ചിലർ മുറവിളികൂട്ടി. മഹാകവി കുമാരനാശാൻ മിശ്രഭോജനത്തെ ആലോചനയില്ലാത്ത നടപടിയെന്ന് വിശേഷിപ്പിച്ചെങ്കിലും ഗുരുവിെൻറ പിന്തുണ അയ്യപ്പന് കരുത്തായെന്ന് ‘സഹോദരൻ അയ്യപ്പൻ: വിപ്ലവങ്ങളുടെ മാർഗദർശി’ എന്ന പുസ്തകത്തിെൻറ രചയിതാവും സഹോദരൻ സ്മാരകത്തിെൻറ മുൻ സെക്രട്ടറിയുമായ പൂയപ്പിള്ളി തങ്കപ്പൻ പറയുന്നു. മിശ്രഭോജനത്തിെൻറ ശതാബ്ദി ആഘോഷത്തിന് ചെറായിയിൽ ഒരുക്കം പൂർത്തിയായി. മേയ് 29ന് സഹോദരൻ സ്മാരകത്തിലും 30ന് തുണ്ടിടപ്പറമ്പിലുമാണ് പരിപാടികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.