കേരള ഹൈകോടതി
കൊച്ചി: ഹൈകോടതി ഉത്തരവിന്റെ മറവിൽ മുനമ്പത്തെ വഖഫ് തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സർട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ഡിസംബർ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ഹരജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തിൽ കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് വസ്തു നികുതി ഈടാക്കാൻ നവംബർ 26ന് കോടതി അനുമതി നൽകിയിരുന്നു.
എന്നാൽ, ഇതിന് പുറമെ പോക്കുവരവ്, കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ആർ.ഒ.ആർ എന്നിവക്കും അപേക്ഷകൾ ലഭിക്കുന്നതായി വില്ലേജ് ഓഫിസർമാർ കലക്ടർക്ക് കത്തയച്ചു. ഈ കത്തുകളുടേയും നവംബർ 26ലെ കോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് നികുതി ഈടാക്കലിന് പുറമെ മറ്റ് റവന്യൂ അധികാരങ്ങളും സോപാധികമായി അനുവദിക്കാൻ ഭൂരേഖ തഹസിൽദാർക്കും പള്ളിപ്പുറം, കുഴിപ്പിള്ളി വില്ലേജ് ഓഫിസർമാർക്കും കലക്ടർ നിർദേശം നൽകിയത്.
ഹൈകോടതി, സുപ്രീംകോടതി വിധികളുടെ അന്തിമ തീർപ്പിന് വിധേയമെന്ന് രേഖപ്പെടുത്തണമെന്നാണ് ഉപാധി. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചതായും കലക്ടറുടെ ഉത്തരവിലുണ്ട്. എന്നാൽ, ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി കേരള വഖഫ് സംരക്ഷണ വേദി കോടതിയെ സമീപിക്കുകയായിരുന്നു. വസ്തുനികുതി സ്വീകരിക്കാൻ മാത്രമാണ് കോടതി അനുമതി നൽകിയതെന്നും ഇതിന്റെ മറവിൽ എല്ലാ റവന്യൂ അവകാശങ്ങളും അനുവദിക്കുകയാണെന്നുമാണ് ഹരജിയിലെ ആരോപണം.
ഇത്തരമൊരു ഉത്തരവ് എന്തടിസ്ഥാനത്തിലാണ് കലക്ടർ പുറപ്പെടുവിച്ചതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നികുതിക്ക് പുറമെ മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാമെന്ന് നിയമോപദേശം നൽകിയതിനെയും കോടതി വിമർശിച്ചു. തുടർന്നാണ് കരം പിരിക്കുന്നതൊഴികെയുള്ള നടപടികൾ നിർത്തിവെക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.