മലപ്പുറം: മലപ്പുറം എടവണ്ണയിൽ ക്ഷേത്രത്തിൽ പാട്ട് വെക്കുന്നത് യു.ഡി.എഫുകാർ വിലക്കുന്നുവെന്ന സംഘ്പരിവാർ പ്രചാരണം വ്യാജം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ എടവണ്ണ കൊളപ്പാട് വിഷ്ണുക്ഷേത്ര കമ്മിറ്റിയും പ്രദേശത്തെ യു.ഡി.എഫ് നേതൃത്വവും രംഗത്ത് വന്നു.
ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടെന്നും അവരാണ് മുദ്രാവക്യം വിളിച്ചതെന്നും തെറ്റിധാരണ പരത്തരുതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന നമ്പൂതിരി കൂടുംബം പാട്ടിന്റെ ശബ്ദം കുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി കൊടുത്തിരുന്നുവെന്നും പിന്നീട് ലൗഡ് സ്പീക്കർ ഒഴിവാക്കി നിയമാനുസൃത ബോക്സിലാണ് പാട്ട് വെക്കുന്നതെന്നും മുദ്രാവാക്യം വിളിച്ചവർ മുസ്‌ലിംകളാണെന്നുള്ള പ്രചാരണം വ്യാജമാണെന്നും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ തങ്ങൾ വിളിച്ച മുദ്രാവാക്യത്തിൽ അമ്പലത്തിൽ പാട്ടുവെക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ശബ്ദം കൂട്ടരുതെന്നാണ് പറഞ്ഞതെന്നും ലീഗുകാരോ മുസ്‌ലിംകളോ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
അമ്പലത്തിൽ ഉച്ചഭാഷിണിയിലൂടെ പാട്ടുവെക്കുന്നതിനെതിരെ ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന ജയൻ നമ്പൂതിരിയുമായാണ് ക്ഷേത്രകമ്മിറ്റിക്ക് തർക്കമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്ഷേത്ര കമ്മിറ്റിയിലെ ചിലർ ബി.ജെ.പിയുടെ സ്ഥാനാർഥികളായി മത്സരിച്ചിരുന്നു. ജയൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് അനുഭാവികളുമാണ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ബി.ജെ.പിക്കാരായ ചിലരെ ലക്ഷ്യം വെച്ച് ക്ഷേത്രത്തിലെ പാട്ട് വെക്കുന്നതും യു.ഡി.എഫുകാർ മുദ്രാവാക്യമായി വിളിച്ചു പറയുകായിരുന്നു. ഇതിന്റെ വിഡിയോ പങ്കുവെച്ച് യു.ഡി.എഫ് ക്ഷേത്രത്തിൽ പാട്ട് വിലക്കിയെന്നും മുസ്‌ലിം ലീഗുകാർ ഉൾപ്പെടെ ക്ഷേത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.