പി. ഇന്ദിര കണ്ണൂർ മേയറാകും; തീരുമാനം കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ

കണ്ണൂര്‍: അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും. കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സുധാകരൻ എം.പിയാണ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനമെന്ന് എം.പി പറഞ്ഞു.

ഭരണപരിചയം മുൻനിർത്തിയാണ് ഇന്ദിരയെ തീരുമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. നിലവിൽ ഡെപ്യൂട്ടി മേയറായ പി. ഇന്ദിരയുടേയും മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും ഇന്ദിരയെ മേയറായി പാർട്ടി തീരുമാനിക്കുകയായിരുന്നു. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ പിന്തുണ പി. ഇന്ദിരക്കായിരുന്നു. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ നാലു പേർ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.

കെ.എസ്‌.യുവിൽ പ്രവർത്തിക്കുന്ന കാലത്ത് കൃഷ്ണമേനോൻ സ്മാരക വനിത കോളജിൽ അട്ടിമറി ജയത്തിലൂടെ പി. ഇന്ദിര ചെയർപേഴ്സനായിരുന്നു. കണ്ണൂർ മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും കൗൺസിലറായി. ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. 56 സീറ്റിൽ 36ഉം നേടിയാണ് യു.ഡി.എഫ് കോർപറേഷൻ നിലനിർത്തിയത്.

തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഇന്ദിര മേയർസ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരുന്നു. 2015ൽ കണ്ണൂർ കോർപറേഷനായതു മുതൽ കൗൺസിലറായ ഇന്ദിര തുടർച്ചയായി മൂന്നാം തവണയായി ജയിക്കുന്നത്.

Tags:    
News Summary - P. Indira to be Kannur Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.