1-ക​രി​ങ്ക​ല്ല്​ ക​ണ്ടെ ത്തി​യ പാ​ള​ത്തി​ൽ ആ​ർ.​പി.​എ​ഫ്​, വ​ള​പ​ട്ട​ണം പൊ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന. 2-പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ പാ​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ ക​രി​ങ്ക​ല്ലു​ക​ൾ,

കണ്ണൂരിൽ റെയില്‍ പാളത്തില്‍ കരിങ്കല്ലുകൾ; ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം

കണ്ണൂര്‍: കണ്ണൂരില്‍ വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ലുകൾ നിരത്തിവെച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നു സംശയമുയർന്ന സംഭവത്തിൽ പൊലീസും ആർ.പി.എഫും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്‍റെ അവസരോചിത ഇടപെടലിലൂടെയാണ് വൻദുരന്തം ഒഴിവായത്.

പാപ്പിനിശ്ശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ പാളത്തിലാണ് കല്ലുകൾ നിരത്തി വെച്ചത്. ട്രെയിന്‍ ഓടുന്നതിനിടെ അസ്വഭാവിക ശബ്ദവും ഞെരക്കവും കേട്ടതിനെ തുടർന്ന് മലബാർ എക്സ്പ്രസ് നിർത്തി ലോക്കോ പൈലറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പാളത്തിൽ മൂന്ന് മീറ്ററോളവും തൊട്ടടുത്ത പാളത്തിൽ പത്ത് മീറ്ററോളവും കരിങ്കല്ല് നിരത്തിവെച്ചത് കണ്ടത്. ട്രെയിൻ കയറി കുറച്ചു കല്ലുകൾ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ലോക്കോ പൈലറ്റ് റെയിൽവേ പൊലീസിലും വളപട്ടണം സ്റ്റേഷനിലും വിവരം അറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലീസും കണ്ണൂരിൽ നിന്നുള്ള ആർ.പി.എഫ് സംഘവും സ്ഥലത്ത് വിശദ പരിശോധന നടത്തി.

ഇതിനിടെ ഇതുവഴി കടന്നുപോകേണ്ട ഗുഡ്സ് ട്രെയിൻ കണ്ണപുരം സ്റ്റേഷനിൽ പിടിച്ചിട്ടു. ഇത് രണ്ടാം തവണയാണ് പ്രദേശത്തെ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ കാണുന്നത്. ജൂലൈ 17ന് രാത്രിയും സമാന സംഭവമുണ്ടായ വിവരം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. ഉന്നതതല അന്വേഷണം ആരംഭിച്ചതായി വളപ്പട്ടണം പൊലീസ് അറിയിച്ചു. ട്രെയിൻ അട്ടിമറി ശ്രമമുണ്ടോ എന്നതടക്കമുള്ളത് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - stones on Kannur rail track; Suspected train sabotage attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.