സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും സ്റ്റേ: കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റേതാണ് വിധി

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ വനം ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയും നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ സ്ഥലംമാറ്റുകയും ചെയ്ത നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) സ്റ്റേ ചെയ്തു.

ഉത്തര മേഖല ഡെപ്യൂട്ടി കൺസർവേറ്റർ (സി.സി.എഫ്) ഡി.കെ. വിനോദ് കുമാറിനെ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ പദവിയിൽ കൊല്ലത്തേക്ക് മാറ്റിയതും വനം ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻകുമാറിനെ സി.സി.എഫ് (വർക്കിങ് പ്ലാൻ ആൻഡ് റിസർച്) പദവിയിലേക്ക് മാറ്റിനിയമിച്ചതും ചോദ്യംചെയ്ത് ഇരുവരും നൽകിയ ഹരജി പരിഗണിച്ചാണ് സ്റ്റേ ഉത്തരവ്.

മരം മുറിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാവുകയും സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യപ്പെടുകയും ചെയ്ത എൻ.ടി. സാജനെ ദക്ഷിണ മേഖലയിലെ ചീഫ് കൺസർവേറ്റർ ആക്കിയതിനും ഹരജിക്കാരുടെ സ്ഥലംമാറ്റത്തിനുമാണ് സ്റ്റേ.

സാജനെ ഉന്നത പദവിയിൽ നിയമിക്കാൻ ചട്ടം ലംഘിച്ച് സ്ഥലംമാറ്റിയെന്നാണ് ഹരജിയിലെ ആരോപണം. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് വിനോദ് കുമാറാണ്. 2020 ഏപ്രിലിൽ ദക്ഷിണ മേഖല ചീഫ് കൺസർവേറ്ററായി നിയമിതനായ സഞ്ജയൻകുമാറിനെ അപ്രധാന പദവിയിലേക്ക് മാറ്റി ഉന്നതപദവി ആരോപണ വിധേയന് നൽകി. പ്രതികൾക്ക് അനുകൂലമായ രീതിയിൽ സ്ഥലംമാറ്റ ഉത്തരവിറക്കിയെന്നാണ് ഹരജികളിലെ ആരോപണം. 2020 ഏപ്രിലിൽ 23ന് ദക്ഷിണ മേഖല ചീഫ് കൺസർവേറ്ററായി നിയമിതനായ തന്നെ ചട്ടപ്രകാരം രണ്ടുവർഷമെങ്കിലും കഴിയാതെ മാറ്റാനാവില്ലെന്ന് സഞ്ജയൻ കുമാർ പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ രണ്ടുപടി ഉയർന്ന തസ്തികയിലേക്കാണ് മാറ്റിയത്.

കാഡർ ഓഫിസർമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവിസ് ബോർഡാണ് ശിപാർശ ചെയ്യേണ്ടത്. എന്നാൽ, ബോർഡിന്‍റെ ഒരു യോഗം പോലും വിളിക്കാതെയും അവരുടെ ശിപാർശയില്ലായെയും സുപ്രീംകോടതി നിർദേശം കാറ്റിൽപറത്തിയുമുള്ള സർക്കാർ നടപടി സ്വേച്ഛാപരമാണ്. രാഷ്ട്രീയ താൽപര്യത്തോടെയുള്ള സ്ഥലംമാറ്റം സേവനത്തോടുള്ള അനാദരവും ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ചട്ടലംഘനവുമാണ്. ശരിയായ രീതിയിൽ സ്ഥാനക്കയറ്റം നൽകിയാൽ 2023ൽ മാത്രമേ സാജൻ കൺസർവേറ്റർ പദവിയിലെത്തൂ. ചീഫ് കൺസർവേറ്ററാകാൻ 2027 ആകണം. സസ്പെൻഷൻ ശിപാർശ കോൾഡ് സ്റ്റോറേജിലാക്കിയാണ് സാജന്‍റെ നിയമനമെന്നും ഹരജിയിലുണ്ട്. സർക്കാർ ഉത്തരവ് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വിലയിരുത്തി വ്യാഴാഴ്ച വീണ്ടും ഹരജി പരിഗണിക്കാൻ മാറ്റി. 

Tags:    
News Summary - Stay for promotion and relocation: The verdict was handed down by the Central Administrative Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.