ഇതര സംസ്ഥാന തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത് സംശയാസ്പദം - ഹമീദ് വാണിയമ്പലം


തിരുവനന്തപുരം: എറണാകുളത്ത് പെരുമ്പാവൂരിൽ അൽഖ്വഇദ ബന്ധം ആരോപിച്ച് കുടിയേറ്റ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. സംഘ്പരിവാറിന് സഹായകമാകുന്ന വിധത്തിൽ ഇസ്ലാമോഫോബിയയും കുടിയേറ്റ തൊഴിലാളികളോടുള്ള വംശീയ വിരോധവും വളർത്തും വിധമുള്ള കെട്ടുകഥകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ തൊഴിലെടുക്കുന്നവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ. ഇവർ എന്തെങ്കിലും ക്രിമിനൽ പ്രവർത്തനം നടത്തിയതായി എൻ.ഐ.എ തന്നെ ആരോപിക്കുന്നില്ല. ഭീകര ബന്ധത്തിന് തെളിവുകളായി എൻ.ഐ.എ പുറത്തു വിട്ടതായി മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ യുക്തിക്കു നിരക്കുന്നതോ വിശ്വസനീയമോ അല്ലെന്നും ഹമീദ് വാണിയമ്പലം പ്രസ്​താവനയിൽ പറഞ്ഞു.

കേരളത്തിലും രാജ്യത്തും സംഘ്പരിവാറി​െൻറ വംശീയ രാഷ്ട്രീയ അജണ്ടക്കനുസരിച്ച പൊതുബോധം വളർത്തും വിധം നിരപരാധികളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധിയാർജിച്ച എൻ.ഐ.എ പറയുന്ന യുക്തിരഹിതമായ കാര്യങ്ങളെ കൂടുതൽ പൊടിപ്പും തൊങ്ങലും വെച്ച് ജനങ്ങളിൽ ഭീതി പരത്തും വിധം പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതു പ്രവർത്തകരും മാധ്യമങ്ങളും പിൻമാറുകയും ഇത് സംബന്ധിച്ച വസ്തുതകൾ അന്വേഷിച്ച് പുറത്തുകൊണ്ടു വരികയുമാണ് വേണ്ടത്. സംഘ്പരിവാർ അജണ്ടകൾക്ക് വേണ്ട വിധം വേരോട്ടം ലഭിക്കാത്ത കേരളത്തെ എൻ.ഐ.എ ടാർഗറ്റ് ചെയ്യുന്നത് ബോധപൂർവ്വമാണ്.ബിജെപി രാഷ്ട്രീയ വളർച്ച നേടിയെടുക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ സ്വീകരിച്ച അതേ മാർഗ്ഗം തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്.

ഛത്തിസ്ഗഢ് സർക്കാർ ആട്ടിക്കിൽ 131 പ്രകാരം എൻ.ഐ.എ യെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ കേസ് നടത്തുന്നുണ്ട്. രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് കനത്ത വെല്ലുവിളിയായ എൻ.ഐ.എക്കെതിരായ കേസിൽ കേരളവും കക്ഷി ചേരണം. മുപ്പത് ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളുള്ള കേരളത്തിൽ അവരുടെ സുരക്ഷക്കും സ്വച്ഛജീവിതത്തിനും തടസമാകും വിധമുള്ള കള്ളക്കഥകൾ പ്രചരിപ്പിക്കരുതെന്നും സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.