യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന്

നടുവൊടിക്കും ബജറ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഇന്ധനവില ഉൾപ്പെടെ സർവമേഖലയിലും വിലവർധിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. മന്ത്രിമാർക്ക് നേരെ വിവിധയിടങ്ങളിൽ കരിങ്കൊടി കാട്ടി. കോൺഗ്രസ് ബജറ്റിന്‍റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. വിവിധ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

ആലുവയിൽ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. നാല് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

 

പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ജനങ്ങൾക്കുമേൽ ഇടിത്തീയാണ് സംസ്ഥാന ബജറ്റെന്ന് ലീഗ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി പറഞ്ഞു.

സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റിൽ അവതരിപ്പിച്ച 3000 കോടിയുടെ നികുതി വർധനവ് അശാസ്ത്രീയമാണ്.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസ് അംഗീകരിക്കാനാകില്ല. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരേ നയമാണ്. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - state wide protest against kerala budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.