സംസ്ഥാന റവന്യൂ കലോത്സവം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന റവന്യൂ കലോത്സവം തുടങ്ങി

തൃശൂർ: അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ ഒരുതരത്തിലുള്ള കൈകടത്തലും കേരളത്തിൽ അനുവദിക്കില്ലെന്ന്‌ സർക്കാർ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള റവന്യൂ കലോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രവർത്തകർക്ക് മാത്രമല്ല, വസ്തുതപരമായി തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉണ്ട്. അത് സംരക്ഷിക്കപ്പെടും. നവകേരള നിർമിതിയിൽ സാംസ്‌കാരിക മുന്നേറ്റത്തിനും സവിശേഷ പ്രധാന്യമുണ്ട്‌. കല, സമൂഹത്തിന്റെ കണ്ണാടിയാണ്‌. സാംസ്‌കാരിക മേഖലയുടെ പ്രധാന്യം മനസ്സിലാക്കി വലിയതോതിലുള്ള ഇടപെടലുകളാണ്‌ സർക്കാർ നടത്തുന്നത്‌. ചരിത്രത്തെ അറിഞ്ഞുകൊണ്ട് നാടിനെ പുരോഗമനമായി മുന്നോട്ടുനയിക്കാനുള്ള ഇടപെടലുകളാണ് കലോത്സവങ്ങളിൽനിന്ന് ഉണ്ടാവേണ്ടത്. കാര്യക്ഷമമവും സുതാര്യവുമായ സിവിൽ സർവിസാണ് സർക്കാറിന്‍റെ ലക്ഷ്യം. അതിനായി സർവിസ് മേഖലയെ ആകെ നവീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഇടതു എം.എൽ.എമാർക്ക് പുറമെ സാംസ്കാരിക മേഖലയിലെ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ഗോപി, സംവിധായകൻ സത്യൻ അന്തിക്കാട്, ബി.കെ. ഹരിനാരായണൻ, അനൂപ് ശങ്കർ, ടി.ജി. രവി, ഹരിശ്രീ അശോകൻ, ഐ.എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ ഹരിത വി. കുമാർ സ്വാഗതം പറഞ്ഞു.

പെരുന്തച്ചന്‍റെ ദുഃഖമവതരിപ്പിച്ച് ഡെപ്യൂട്ടി കലക്ടർ

തൃശൂർ: പെരുന്തച്ചന്‍റെ ദുഃഖം നാടോടി നൃത്തത്തിൽ സന്നിവേശിപ്പിച്ച് കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) കെ. ഹിമ. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും പോയകാല ദിനങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു നൃത്താനുഭവമെന്ന് ഹിമ 'മാധ്യമ'ത്തോട് പറഞ്ഞു. മലപ്പുറം പുറത്തൂർ സ്വദേശിനിയായ ഹിമ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചതിനാൽ സ്കൂൾ തലത്തിൽ മത്സരങ്ങളുണ്ടായിരുന്നില്ല. പിന്നീട് തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കേയായിരുന്നു സ്റ്റേജിൽ നൃത്തമവതരിപ്പിച്ചത്. 

സംസ്ഥാന റവന്യു കലോത്സവത്തിൽ നാടോടി നൃത്തത്തിൽ മത്സരിക്കുന്ന കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ കെ. ഹിമ 

റവന്യൂ കലോത്സവം ബഹിഷ്കരിച്ചു

തൃശൂർ: റവന്യൂ കലോത്സവ ചടങ്ങുകൾ യു.ഡി.എഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. പ്രോഗ്രാം നോട്ടീസിൽ പ്രോട്ടോകോൾ ലംഘനത്തിലും സർക്കാർ സംവിധാനം ഉപയോഗിച്ച് വ്യാപകമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ബഹിഷ്കരണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അറിയിച്ചു. 

Tags:    
News Summary - State Revenue Kalotsav begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.