തിരുവനന്തപുരം: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷൻ. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജുഡീഷ്യൽ പ്രൊസീഡിങ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം ഉത്തരവായി.
സുപ്രീംകോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കീഴ്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്കെതിരെ ലഭിച്ച പരാതി ഹരജി തീർപ്പാക്കിയാണ് കമീഷന്റെ ഉത്തരവ്.
മലപ്പുറം ചേലമ്പ്ര ജോസഫ് ജേക്കബ് 2021 ജൂണിലും ജൂലൈയിലും വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നൽകിയ വിവരാവകാശ അപേക്ഷകൾ റൂൾ 12 പ്രകാരം കോടതി വിവരങ്ങൾ പുറത്ത് നൽകാൻ കഴിയില്ലെന്ന വിശദീകരണത്തോടെ വിവരാധികാരി അജിത്കുമാർ തള്ളിയിരുന്നു. ലേല സന്നദ്, വക്കാലത്ത് പകർപ്പ് എന്നിവയുടെയും അനുബന്ധരേഖകളുടെയും കോപ്പികളാണ് ജോസഫ് ആവശ്യപ്പെട്ടത്. എന്നാൽ കീഴ്കോടതികളും ട്രൈബ്യൂണലുകളും സംബന്ധിച്ച ചട്ടം 12 പ്രകാരം അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു വിവരാധികാരിയുടെ മറുപടി.
അപ്പീൽ ഹരജിയിൽ വിവരാവകാശ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പുതിയ വിവരാധികാരി വിവരങ്ങൾ ലഭ്യമാക്കി. എങ്കിലും ജോസഫ് പരാതിയിൽ ഉറച്ചുനിന്നതിനാൽ വിവരം നിഷേധിച്ച മുൻസിഫ് കോടതിയിലെ വിരമിച്ച വിവരാധികാരി അജിത്കുമാറിനെതിരെ ആർ.ടി.ഐ നിയമം 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനും കമീഷൻ തീരുമാനിച്ചു. വിശദീകരണവുമായി എതിർ കക്ഷി മേയ് 28ന് കമീഷൻ ആസ്ഥാനത്ത് ഹാജരാകണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.