തിരുവനന്തപുരം: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ്ബാസ്‌കറ്റ് തുടങ്ങിയവയുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നോട്ടീസയച്ചു. അമിതവേഗത്തിലുള്ള ഡെലിവറികൾ റോഡപകടങ്ങൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് എം.വി.ഡിയുടെ ഇടപെടൽ. 15 ദിവസത്തിനുള്ളിൽ സംസ്ഥാന മോട്ടർ വാഹന നിയമങ്ങളുമായി യോജിക്കുന്ന തരത്തിൽ കമ്പനികളുടെ അഭ്യന്തര സുരക്ഷാ നയം പരിഷ്ക്കരിക്കണമെന്നാണ് കമ്പനികൾക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. ഡെലിവറിയുമായി ബന്ധപ്പെട്ട അമിതവേഗം നിയന്ത്രിക്കുക എന്നതാണ് വകുപ്പ് നോട്ടീസിലൂടെ ലക്ഷ‍്യം വെക്കുന്നത്. അമിത വേഗതക്കെതിരെ പരാതികൾ വർധിച്ചതോടെ, നിയമലംഘനം നടത്തുന്ന റൈഡർമാർക്കൊപ്പം, അപ്രായോഗികമായ സമയപരിധി വെച്ച് സുരക്ഷിതമല്ലാത്ത ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ കമ്പനികളെയും പ്രതിചേർക്കാനാണ് എം.വി.ഡിയുടെ തീരുമാനം.
റൈഡർമാർക്കിടയിൽ അശ്രദ്ധമായ ഡ്രൈവിംങ് ഒരു സാധാരണ രീതിയായി മാറിയതായി എം.വി.ഡി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. 7 മുതൽ 20 മിനിറ്റ് വരെയുള്ള 'അൾട്രാ-ഫാസ്റ്റ്' ഡെലിവറി ലക്ഷ്യങ്ങൾ പാലിക്കാനുള്ള സമ്മർദ്ദമാണ് മിക്കപ്പോഴും ട്രാഫിക് നിയമങ്ങളെ പോലും ലംഘിച്ച് അമിത വേഗതയിൽ ഡെലിവറി ബോയിസിനു പയേണ്ടി വരുന്നതെന്നും നോട്ടീസ് ചൂണ്ടികാട്ടുന്നു. കൂടുതൽ ഓർഡറുകൾ എടുത്ത് വരുമാനം വർദ്ധിപ്പിക്കാനായി റൈഡർമാർ സിഗ്നലുകൾ ലംഘിക്കുകയും ട്രാഫിക്കിനിടയിലൂടെ അപകടകരമായി പായുകയും ചെയ്യുന്നത് പതിവാണ്. .
ട്രാഫിക് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല ഡെലിവറി അൽഗോരിതങ്ങൾ എന്ന് കമ്പനികൾ ഉറപ്പാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് പരാജയപ്പെട്ടാൽ മാതൃകമ്പനിക്കും അവയുടെ പ്രാദേശിക വിതരണ കേന്ദ്രങ്ങൾക്കും എതിരെ കർശനമായ നിയന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . വരും ആഴ്ചകളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.