വടകര: അടിസ്ഥാന സൗകര്യത്തിന്‍െറയും അധ്യാപകരുടെയും അഭാവം കാരണം സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പഠനം അവതാളത്തില്‍. ഗവ., എയ്ഡഡ് കോളജുകളിലെ ആയിരത്തോളം തസ്തികകളില്‍ സ്ഥിരാധ്യാപകരില്ല. എയ്ഡഡ് കോളജുകളില്‍ ഗെസ്റ്റ് ലെക്ചറര്‍ തസ്തികയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. സംസ്ഥാനത്ത് 58 ഗവ. കോളജുകളും 180 എയ്ഡഡ് കോളജുകളുമാണ് നിലവിലുള്ളത്. ഗവ. കോളജുകളില്‍ 28 എണ്ണം പുതുതായി അനുവദിച്ചവയാണ്. കോളജുകള്‍ അനുവദിച്ച് മൂന്നു വര്‍ഷമാവാറായെങ്കിലും കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ എങ്ങുമത്തെിയില്ല. ചില കോളജുകള്‍ക്ക് ജനകീയ ധനസമാഹരണത്തിലൂടെയും എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും സ്ഥലം കണ്ടത്തൊനായെങ്കിലും നിര്‍മാണപ്രവൃത്തികള്‍ നടന്നില്ല. മൂന്നാം വര്‍ഷത്തേക്ക് കടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് മുറികള്‍, ലൈബ്രറി, സയന്‍സ് വിഷയങ്ങള്‍ക്ക് ലാബ് സൗകര്യം എന്നിവ ഒരുക്കിയിട്ടില്ല.

 ഇത്തരം കോളജുകളിലെ അധ്യാപക തസ്തികയില്‍ അപേക്ഷ ക്ഷണിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും നിയമനം നടന്നില്ല. ഇവയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കോമേഴ്സ് തസ്തികകളുടെ പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനും സാധിച്ചിട്ടില്ല. ഇംഗ്ളീഷ് അധ്യാപക പരീക്ഷയിലെ സാങ്കേതിക പിഴവുകാരണം വീണ്ടും നടത്തുകയായിരുന്നു. ഇതിനുപുറമെ, അപാകത കാരണം ഫിസിക്സ് ലെക്ചറര്‍ പരീക്ഷയില്‍നിന്ന് 19 ചോദ്യങ്ങളും കോമേഴ്സില്‍നിന്ന്  22 ചോദ്യവും ഒഴിവാക്കി. ഈ രണ്ട് തസ്തികയിലേക്കുമുള്ള നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇവിടങ്ങളിലൊക്കെ ഗെസ്റ്റ് അധ്യാപകരാണ് ക്ളാസ് നിയന്ത്രിക്കുന്നത്. 2013ല്‍ 162 എയ്ഡഡ് കോളജുകളില്‍ 242 കോഴ്സുകള്‍ അനുവദിച്ചു. കോഴ്സുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഭൂരിഭാഗം സ്ഥലത്തും മാനേജ്മെന്‍റുകള്‍ ഒരുക്കി. എന്നാല്‍, ലെക്ചറര്‍ തസ്തികയെക്കുറിച്ച് അനക്കമില്ല. ഗെസ്റ്റ് അധ്യാപകരുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.

ഇതോടെ, വൈകി ആരംഭിക്കുന്ന പി.ജി കോഴ്സുകളില്‍ കൃത്യമായി ക്ളാസ് ലഭിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. ഗെസ്റ്റ് അധ്യാപകര്‍ മറ്റു സ്ഥിരനിയമനം ലഭിക്കുമ്പോള്‍ അധ്യയനവര്‍ഷത്തിനിടയില്‍ തന്നെ ഒഴിവായിപ്പോവുക പതിവാണ്. നിലവില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ മേഖലയില്‍ ഗെസ്റ്റ് അധ്യാപകര്‍ക്ക് 1370 രൂപ ദിവസവേതനം ലഭിക്കും. ഇങ്ങനെ വരുമ്പോള്‍ 30,000 രൂപ ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് മാസംതോറും സമ്പാദിക്കാം. അതേസമയം, കോളജുകളില്‍ 25,000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതുകൊണ്ടുതന്നെ അധികയോഗ്യതയുള്ളവര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അഭയം തേടുകയാണ്. സ്ഥിരം നിയമനം നടത്താതെ ഉന്നത വിദ്യാഭ്യാസ മേഖലതന്നെ പ്രതിസന്ധിയിലായിട്ടും അധികാരികള്‍ ഗൗനിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഗെസ്റ്റ് ലെക്ചറേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.

Tags:    
News Summary - state higher education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.