സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് കെ. സുധാകരൻ

സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസൽ നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. 'ഇന്ധനവില കുറയ്ക്കാതിരുന്നാൽ സ്ഥിതി വഷളാവും. പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും'- അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. എക്സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ്. കേരള സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണം. ഉമ്മൻചാണ്ടി സർക്കാർ നേരത്തെ കാണിച്ച മാതൃക സംസ്ഥാന സർക്കാർ പിന്തുടരണം -സുധാകരൻ പറഞ്ഞു. 

അതേസമയം, കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു. ഇന്ധനവിലയിൽ ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - state government should reduce the fuel tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.