തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കുട്ടികൾക്കായി ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു.'റേഡിയോ നെല്ലിക്ക' എന്ന പേരിട്ടിരിക്കുന്ന ഇത് ജൂൺ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ബാലസൗഹൃദം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്.
കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ പ്രവണത, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുസമൂഹം എന്നിവർക്കിടയിൽ ബാലനീതി, പോക്സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം, ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നുവെന്ന് കമീഷൻ അറിയിച്ചു. റേഡിയോ നെല്ലിക്ക പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നു.
ശ്രോതാവിന് സൗകര്യത്തിനനുസരിച്ച് റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തെരഞ്ഞെടുത്ത് കേൾക്കാൻ സാധിക്കും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. വിദഗ്ദ്ധ ചർച്ചകൾ, കഥപറച്ചിൽ, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ കുട്ടികളുടെ ആവശ്യങ്ങൾക്കും ശബ്ദങ്ങൾക്കും മുൻഗണന നൽകുന്ന സമൂഹം സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
തുടക്കത്തിൽ നാല് മണിക്കൂർ പരിപാടികളാകും പ്രക്ഷേപണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെയാണ് പരിപാടികൾ. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവ വഴി ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കമ്പ്യൂട്ടറില്‍ radionellikka.com ലൂടെയും കാറില്‍ ഓക്‌സ് കേബിള്‍, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്‍ക്കാം.
റൈറ്റ് ടേൺ പരിപാടി
രാവിലെ ഏഴ് മുതൽ എട്ട് വരെയാണ് റൈറ്റ് ടേൺ പരിപാടി. കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ടതാണിത്. സന്തോഷകരവും പ്രചോദനാത്മകവുമായ വിഷയങ്ങളെ രസകരമായ രീതിയിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വൈകിട്ട് നാല് മുതൽ അഞ്ച് വരെ വീണ്ടും കേൾക്കാം.
ഇമ്മിണി ബല്യ കാര്യം
രാവിലെ എട്ട് മുതൽ ഒമ്പത് വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് കുഞ്ഞുമനസുകളിൽ സാമൂഹിക സാസ്കാരിക അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വീണ്ടും കേൾക്കാം.
ആകാശദൂത്
ഉച്ചക്ക് 12 മുതൽ ഒന്ന് വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങൾ, പരിഭവങ്ങൾ, പ്രയാസങ്ങൾ, സന്തോഷങ്ങൾ, അനുഭവങ്ങൾ കഥകൾ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന പരിപാടിയാണ് ആകാശദൂത്. എല്ലാ പ്രായക്കാർക്കും ഇതിൽ പങ്കെടുക്കാം. രാത്രി എട്ട് മുതൽ ഒമ്പത് വരെ വീണ്ടും കേൾക്കാം.
അങ്കിള്‍ബോസ്
ഒന്നുമുതല്‍ രണ്ടുവരെ റേഡിയോ ചാറ്റ് പ്രോഗ്രാം. വിവിധ പ്രായക്കാരായ കുട്ടികളുടെ സുഹൃത്തും വഴികാട്ടിയുമാണ് അങ്കിള്‍ ബോസ്. കുട്ടികള്‍ക്ക് അങ്കിള്‍ ബോസിനോട് ചോദ്യങ്ങള്‍ ചോദിക്കാം, അവകാശങ്ങള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ തേടാം, അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പറയാം, സംശയങ്ങള്‍ ചോദിക്കാം. രാത്രി 9 മുതല്‍ 10 വരെ വീണ്ടും ഇത് ആവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.