ജാസ്‌ലിയ

മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്‌ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം

കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്‌ലിയ ജോൺസൺ വിടവാങ്ങി. എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‌ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സ്ഥാപനമായ കെ-സോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്‌ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരളയിലേക്കും കൈമാറി. ജാസ്‌ലിയക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അർപ്പിക്കുകയും തീവ്ര ദുഃഖത്തിൽ അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ നന്ദി അറിയിക്കുകയും ചെയ്തു.

പഠനത്തോടൊപ്പം ‌സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്‌ലിയ. ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിങ് സ്‌റ്റാർ കോളേജിലെത്തിയ ജാസ്‌ലിയ പഠനത്തോടൊപ്പം സ്പോർട്‌സിൽ യൂനിവേഴ്സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ജാസ്‌ലിയയെ വിധി കവർന്നെടുത്തത്. അച്ഛൻ ജോൺസൺ. അമ്മ ലിമ, സഹോദരൻ ജാസിൻ എന്നിവരാണ് കുടുംബാംഗങ്ങൾ.

Tags:    
News Summary - Jaslia; 19-year-old girl who gave new life to four people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.