എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം. 4,55,906 വിദ്യാര്‍ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി എഴുതുന്നത്. 2588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും. 2933 പരീക്ഷകേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിലെയും ഗള്‍ഫ് മേഖലയിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. 4,61,230 വിദ്യാര്‍ഥികള്‍ ഒന്നും  4,42,434 പേര്‍ രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതും. 2050 പരീക്ഷകേന്ദ്രങ്ങളുണ്ട്. ഗള്‍ഫ്മേഖലയില്‍ എട്ടും മാഹിയില്‍ മൂന്നും ലക്ഷദ്വീപില്‍ ഒമ്പതും കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,996 പേര്‍ ഒന്നും 29,444 പേര്‍ രണ്ടും വര്‍ഷ പരീക്ഷകള്‍ എഴുതും. രണ്ടാം വര്‍ഷത്തില്‍1193 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും.  

മാര്‍ച്ച് എട്ട് മുതല്‍ 27വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ. മൂല്യനിര്‍ണയം 54  ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21വരെയും രണ്ട് ഘട്ടമായിനടത്തും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ പി.കെ.എം.എച്ച്.എസ്, എടരിക്കോടാണ് -2233 വിദ്യാര്‍ഥികള്‍. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. ചോദ്യപേപ്പറുകള്‍ ഡി.ഇ.ഒ തലത്തില്‍ തരംതിരിച്ച് കഴിഞ്ഞദിവസം ട്രഷറികളിലേക്ക് മാറ്റി. അവിടെ നിന്നായിരിക്കും പരീക്ഷകേന്ദ്രങ്ങളിലേക്ക് എത്തിക്കുക.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തില്‍ 3,70,669 റെഗുലര്‍ വിദ്യാര്‍ഥികളും 23,912 കമ്പാര്‍ട്ട്മെന്‍റല്‍ വിദ്യാര്‍ഥികളും 71,765 ഓപണ്‍ സ്കൂള്‍ വിദ്യാര്‍ഥികളും പരീക്ഷയെഴുതും. ഒന്നാം വര്‍ഷത്തില്‍ 3,79,438 റെഗുലര്‍ വിദ്യാര്‍ഥികളും 80,128 ഓപണ്‍ സ്കൂള്‍ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നു.

രണ്ടാംവര്‍ഷ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 1,55,986 പേര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലെ  തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ്; 986 പേര്‍. ഏറ്റവും കുറച്ച് പരീക്ഷാര്‍ഥികള്‍ വയനാട് ജില്ലയില്‍; 23,185 പേര്‍. ഏപ്രില്‍ മൂന്ന് മുതല്‍ 70 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം തുടങ്ങും.

പരീക്ഷക്രമക്കേടുകള്‍ തടയുന്നതിന് ഹയര്‍സെക്കന്‍ഡറി വകുപ്പുതലത്തില്‍ ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്ക്വാഡും റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ രണ്ട് ജില്ലകള്‍ക്കായി ഒരു സ്ക്വാഡും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സൂപ്പര്‍ സ്ക്വാഡും പ്രവര്‍ത്തിക്കും. കൂടാതെ സര്‍ക്കാര്‍തലത്തില്‍ നാല് സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. 

മാര്‍ച്ച് 28നാണ് പരീക്ഷ അവസാനിക്കുക. അനുമതിയില്ലാതെ പരീക്ഷഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. വി.എച്ച്.എസ്.ഇയില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്ന 29,444 പേരില്‍ 16,168 പേര്‍ ആണ്‍കുട്ടികളും 13,276 പേര്‍ പെണ്‍കുട്ടികളുമാണ്. ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്ന 29,996ല്‍ 16,566 പേര്‍ ആണ്‍കുട്ടികളും 13,430 പേര്‍ പെണ്‍കുട്ടികളുമാണ്.

Tags:    
News Summary - sslc exam starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.