'ശ്രീറാം വെങ്കിട്ടരാമന്റേത് അറിഞ്ഞു കൊണ്ടുള്ള ക്രൂരത, അപകടം സംഭവിച്ചത് മുതൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു'

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വെമ്പായം എ.എ. ഹക്കീം വാദിച്ചു. അപകടം സംഭവിച്ചത് മുതൽ തെളിവുകൾ നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചിരുന്നു.

മ്യൂസിയം പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ രണ്ടാം പ്രതി വഫയാണ് വാഹനം ഓടിച്ചതെന്ന് പറഞ്ഞത് ഇതിന് തെളിവാണ്. രക്ത സാമ്പിൾ എടുക്കാൻ പൊലീസിന് ശ്രീറാം സമ്മതം നൽകിയത് സംഭവം നടന്ന് 10 മണിക്കൂറിന് ശേഷമാണ്. ഡോക്ടറായ പ്രതി ശാസ്ത്രീയമായി തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചത്. മരിച്ച വ്യക്തിക്ക് നീതി ലഭിക്കാനും യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരാനും കൃത്യമായ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, കേസില്‍ തനിക്കെതിരെ ഒരു തെളിവുമില്ലെന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് ശാസ്ത്രീയ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. അതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വാഹനം ഓടിച്ചിട്ടില്ല. മറ്റു ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

കേസില്‍ രണ്ടാം പ്രതിയായ വഫയുടെ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. രണ്ടു പ്രതികളുടെയും വിടുതല്‍ ഹരജിയില്‍ ഉത്തരവ് പറയാന്‍ ഹരജികള്‍ ഒക്ടോബര്‍ 19ന് വീണ്ടും കോടതി പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡി. ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്.

Tags:    
News Summary - Sriram Venkataraman tried to destroy evidence since the accident happened -Prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.