കിഴക്കമ്പലം (എറണാകുളം): അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്.ഐ.ടി) രൂപവത്കരിക്കാൻ എറണാകുളം റൂറൽ പൊലീസ്. അവയവ കച്ചവട സൂത്രധാരനും കേസിലെ മുഖ്യപ്രതിയുമായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര ഒളിവിലാണ്.
ഡൽഹിയിലേക്ക് കടന്നതായാണ് സംശയം. അവിടെനിന്ന് വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. നിലവിൽ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നജീബിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിന് അന്തർസംസ്ഥാന, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബിന്റെ ഭാര്യ റഷീദയെ വെള്ളിയാഴ്ച രാത്രി കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കുറച്ചുകാലമായി അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. ആലുവ റൂറൽ മേഖല കേന്ദ്രീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നതെന്നും പൊലീസിന് വിവരമുണ്ടായിരുന്നു. ഈ അന്വേഷണം ഒടുവിൽ നജീബിലേക്ക് എത്തുകയായിരുന്നു. മൂന്നുവർഷത്തോളമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നാണ് മനസ്സിലാകുന്നത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രജിസ്ട്രേഡ് ഓഫിസ് വിലാസം കാണിച്ചത് ആലുവ എടത്തലയിലാണെങ്കിലും അതൊരു ചെറിയ മുറി മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരി മുതൽ ഇത് തുറന്നിട്ടുമില്ല. അവയവദാനമടക്കം ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഇടനിലക്കാരുടെ റോളാണ് തങ്ങൾക്കെന്ന് ഇവരുടെ വെബ്സൈറ്റിലുണ്ട്.
നിലവിൽ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നതെന്നും ഈ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നെന്ന് കണ്ടെത്താൻ മെഡിക്കൽ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണമാണ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന വൻകിട അവയവക്കടത്ത് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്.
രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമെന്ന് സൂചനകൾ
കിഴക്കമ്പലം: അവയവ കച്ചവട കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കാസർകോട് സ്വദേശിക്ക് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചനകൾ. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഇടപാടുകാരെയും ഇരകളെയും വലയിലാക്കിയത്. പെരിങ്ങാല പോത്തനാംപറമ്പിലെ അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണായകമായ ഡയറി കണ്ടെടുത്തിരുന്നു. ഇതിൽ പണമിടപാടുകളെയും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള ഉന്നതരെയുംകുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടെന്നാണ് സൂചന. കൂടാതെ പിടിയിലായ സനോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിച്ചിരുന്നുവെന്നും ഇത് പണമായി നജീബ് കൈപ്പറ്റിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പിനായി ‘മെഡിക്കൽ ടൂറിസം’ എന്ന മറവിലാണ് ഇയാൾ കമ്പനി രൂപവത്കരിച്ചത്. സ്വന്തം കുടുംബപ്പേര് തന്നെയാണ് കമ്പനിക്കും നൽകിയത്. ഇത് വിശ്വാസ്യത നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് പൊലീസ് കരുതുന്നു. വിദേശത്തേക്കടക്കം അവയവങ്ങൾ കടത്തിയതിൽ രാഷ്ട്രീയ ബന്ധങ്ങൾ ഇയാൾക്ക് കവചമായെന്ന് പൊലീസ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.