മുഹമ്മദ് യൂസുഫ് തരിഗാമി
കോഴിക്കോട്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയത് ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയും ചർച്ചകളില്ലാതെയുമാണെന്ന് കശ്മീരിൽനിന്നുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇതുവരെ ഗുണപരമായ മാറ്റമൊന്നും കശ്മീരിലുണ്ടായിട്ടില്ല. പ്രത്യേക പദവി എടുത്തുമാറ്റിയ കശ്മീർ ശാന്തമല്ല.
ജനതയുടെ ഉള്ളിൽ അണയാത്ത പ്രതിഷേധമുണ്ട്. കരിനിയമങ്ങളടക്കം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി നിർത്തിയതിനാലാണ് വലിയ പ്രക്ഷോഭം ഉണ്ടാവാത്തത്. മനസ്സിലെ പ്രതിഷേധം ഒരുനാളിൽ വലിയ പ്രക്ഷോഭമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന സംരക്ഷണസമിതി ‘വി ദി പീപ്പിൾ’ എന്ന പേരിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു യൂസുഫ് തരിഗാമി.
ജാതി, മതം, വിശ്വാസം, ആചാരം, ഭൂപ്രകൃതി എന്നിവയിലെയെല്ലാമുള്ള വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. ഈ സൗന്ദര്യത്തെ പൂർണമായി തകർക്കുകയാണ് മോദി സർക്കാർ. അതിനാലാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിലെ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്കെതിരെപോലും പ്രതിഷേധം ഉയർത്തി വിഭാഗീയതയുണ്ടാക്കുന്നത്.
ഇതൊന്നും അംഗീകരിക്കാവുന്നതല്ല.മതത്തിന്റെ പേരിൽ പൗരത്വം നൽകുന്ന നടപടി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കും. മതേതരത്വം നിലനിർത്തുകയും ഭരണഘടന സംരക്ഷിക്കുകയുമാണ് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷതവഹിച്ചു. പ്രേംകുമാർ മോഡറേറ്ററായി. ഡോ. എ.കെ. അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. പി.കെ. പാറക്കടവ്, ഡോ. യു. ഹേമന്ദ് കുമാർ, അഡ്വ. മഞ്ചേരി സുന്ദർരാജ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.