രമ്യയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി തിരുവഞ്ചൂര്‍; 'സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കരുത്'
തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച് പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ കത്ത് നൽകിയ രമ്യാ ഹരിദാസ് എംഎല്‍എയുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമസഭാ സെക്രട്ടേറിയുടെ ഓഫീസിൽ കത്ത് നല്‍കിയ സംഭവത്തിലാണ് സ്പീക്കറുടെ പ്രതികരണം. സ്പീക്കറുടെ ഓഫീസിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും പിന്തിരിയണം. വിവാദങ്ങളിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കാൻ ശ്രമിക്കരുത്. പരാതികൾക്കും നിയമപരമായ വിഷയങ്ങൾക്കും പരിഹാരം കാണാൻ മറ്റ് മാർഗ്ഗങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒന്നുമുണ്ടാകരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കർ ഓഫീസ് കക്ഷി അല്ലാതിരുന്നിട്ടും കക്ഷി ആക്കാൻ ശ്രമിക്കരുത്. രമ്യയോട് സംസാരിച്ചെന്നും ഇക്കാര്യത്തിൽ ശക്തമായ നിലപാടാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സംഭവത്തില്‍ കെപിസിസി നേതൃത്വവും കടുത്ത അമര്‍ഷത്തിലാണ്. രമ്യാ ഹരിദാസ് കത്ത് നല്‍കിയത് തികച്ചും അഭികാമ്യമല്ലാത്ത നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കത്ത് നല്‍കിയ തീയതിയും സാഹചര്യവും പാര്‍ട്ടി പരിശോധിക്കും. ചിറയിന്‍കീഴിലെ തമ്മില്‍ത്തല്ല് പാര്‍ട്ടിക്ക് ഒരിക്കലും സല്‍പ്പേര് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരായാലും പാര്‍ട്ടിക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് മന്ത്രി കെ. മുരളീധരന്‍ കര്‍ശന നിലപാട് സ്വീകരിച്ചു. പാര്‍ട്ടി പുറത്താക്കിയാല്‍ ആ വ്യക്തി പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഒരു നടപടി എടുത്താല്‍ അത് അച്ചടക്ക നടപടി തന്നെയാണ്. എംഎല്‍എയായാലും എംപിയായാലും മന്ത്രിയായാലും പാര്‍ട്ടി ചട്ടക്കൂടിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്ന് കെ.മുരളീധരന്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.