സ്വർണക്കടത്ത്: സബ്മിഷൻ സ്പീക്കർ തള്ളി; പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സബ്മിഷൻ നോട്ടീസ് സ്പീക്കർ എം.ബി. രാജേഷ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. വിഷയം ഉന്നയിക്കുന്നതിനെതിരെ നിയമമന്ത്രി പി. രാജീവും ഭരണപക്ഷത്തെ മാത്യു ടി. തോമസും ഉന്നയിച്ച ക്രമപ്രശ്നങ്ങൾ അംഗീകരിച്ച് സ്പീക്കർ നോട്ടീസ് തള്ളുകയായിരുന്നു.

നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവിന്‍റെ നോട്ടീസ് ചൊവ്വാഴ്ചത്തെ ആദ്യ സബ്മിഷനായാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇതാണ് സർക്കാർ ഭാഗത്തെ ക്രമപ്രശ്നത്തെ തുടർന്ന് തള്ളിയത്. യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്.

നോട്ടീസിൽ പറയുന്ന കോൺസുലേറ്റ് സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നും ചട്ടപ്രകാരം സംസ്ഥാന സർക്കാറിന്‍റെ പ്രാഥമിക പരിഗണനയിൽ പെടാത്ത വിഷയത്തിൽ സബ്മിഷൻ പാടില്ലെന്നും മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസ് നേരത്തേ അടിയന്തര പ്രമേയമായി നിയമസഭ ചർച്ച ചെയ്തിട്ടുണ്ടെന്നും അതിനാൽ നേരത്തേ ചർച്ച ചെയ്ത വിഷയം ചട്ടപ്രകാരം വീണ്ടും അനുവദിക്കാനാകില്ലെന്നും മാത്യു ടി. തോമസും ചൂണ്ടിക്കാട്ടി. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയവും താൻ ഉന്നയിച്ചിട്ടില്ലെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം സംസ്ഥാനം ആവശ്യപ്പെടണമെന്ന വിഷയമാണ് ഉന്നയിച്ചതെന്നും വി.ഡി. സതീശൻ മറുപടി നൽകി. സഭ അടിയന്തര പ്രമേയം ചർച്ച ചെയ്തശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നതെന്നും അതിനാൽ നേരത്തേ സഭ ചർച്ച ചെയ്തുവെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമമന്ത്രിയുടെ അഭിപ്രായം പ്രസക്തമാണെന്നും നേരത്തേ ചർച്ച ചെയ്ത വിഷയമായതിനാൽ അനുവദിക്കുന്നില്ലെന്നും സ്പീക്കർ എം.ബി. രാജേഷ് റൂളിങ് നൽകി. സബ്മിഷൻ അനുവദിക്കാത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഭയക്കുന്നതു കൊണ്ടാണ് സ്പീക്കർ ലിസ്റ്റ് ചെയ്ത സബ്മിഷനിൽനിന്ന് മനഃപൂർവം ഒളിച്ചോടുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്തുവന്നതോടെ സഭ ബഹളത്തിൽ മുങ്ങി. നിയമസഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ പുറത്ത് ചർച്ച ചെയ്യുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയത്.

Tags:    
News Summary - Speaker rejected the submission on Trivandrum Gold Smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.