ആലുവ: പതിനേഴുകാരിയായ ‘സ്പാ’ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും. ആലപ്പുഴ സ്വദേശി രാഗേഷ്, തൃശൂർ സ്വദേശി ഗായത്രി എന്നിവരെയാണ് ആലുവ ഫാസ്റ്റ്ട്രാക്ക് (പോക്സോ) കോടതി സ്പെഷൽ ജഡ്ജി ശിക്ഷിച്ചത്. രാഗേഷിന് 20 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ഗായത്രിക്ക് മൂന്നുവർഷം പിഴയും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രാഗേഷിനെതിരെ മൂന്ന് തട്ടിക്കൊണ്ടുപോകൽ കേസുകൾകൂടി ഇതോടൊപ്പം തെളിഞ്ഞു. ഓരോ കേസിനും അഞ്ചുവർഷം വീതം തടവും വിധിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. പാലാരിവട്ടം പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ അമ്മയും സുഹൃത്തും ചേർന്നാണ് സ്പായിൽ ജോലിക്ക് എത്തിച്ചത്. എന്നാൽ, ഇവിടെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാൻ പ്രേരിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. മൂന്നാംപ്രതി ഗായത്രിയും ഇവിടെ ജീവനക്കാരിയായിരുന്നു. ഗായത്രിയുടെ സുഹൃത്തുക്കളായ വിഷ്ണു, രാഗേഷ് എന്നിവരുമായി പെൺകുട്ടി പരിചയത്തിലായി. തുടർന്ന് പ്രതികൾ ചേർന്ന് എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുമടക്കമെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യം കോഴിക്കോട് കൂരാച്ചുണ്ട് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരായ എസ്. സനൽ, ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.