ഇസ്‌ലാം വിരോധം പ്രചരിപ്പിക്കുന്നവരിൽ ചില മെത്രാന്മാരുമുണ്ടെന്ന് ഫാ. പോൾ തേലക്കാട്ട്

കൊച്ചി: പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മണിപ്പൂരിനെക്കുറിച്ച് പറയാതിരുന്ന സഭാ പ്രതിനിധികൾ കാണിച്ചത് ഭീരുത്വമാണെന്ന് സിറോ മലബാർ സഭയുടെ ഇംഗ്ലീഷ് മുഖപത്രമായ ‘ലൈറ്റ് ഓഫ് ട്രൂത്തി’ന്‍റെ ചീഫ് എഡിറ്ററും സഭ മുൻ വക്താവുമായ ഫാ. പോൾ തേലക്കാട്ട്. ഇത്തരം വേദികളിൽ തങ്ങളുടെ ദുഃഖങ്ങളും ജനങ്ങളുടെ വേദനകളും തുറന്നുപറയാൻ മെത്രാന്മാർ ധൈര്യം കാണിക്കണം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു ഫാ. പോൾ തേലക്കാട്ട്.

ചില രാഷ്ട്രീയ നേതാക്കളെപ്പോലെ മുട്ടിൽ നിൽക്കാൻ പറയുമ്പോൾ ഇഴയുന്ന മനോഭാവമാണ് വിരുന്നിൽ പങ്കെടുത്തവർ കാണിച്ചത്. വിരുന്നിന് ക്ഷണിച്ചതിന്‍റെ സൗമനസ്യം നിങ്ങളുടെ നയങ്ങളിൽ ഇല്ലല്ലോ എന്ന് മാന്യമായി പറയേണ്ട വേദിയായിരുന്നു അത്. ആ പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വൈദികരും ഹിന്ദുത്വയുടെ ആദർശം വിഴുങ്ങുന്നവരായി.

കേരളത്തിൽ ഈ വിധേയത്വം കൂടുതലാണ്. ഇതിനെതിരെ വടക്കേ ഇന്ത്യയിലടക്കം ക്രൈസ്തവരിൽനിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്. ആർക്കുവേണ്ടി പറയാനാണ് ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ അടുക്കൽ പോയതെന്ന ചോദ്യമുണ്ട്. മണിപ്പൂർ വിഷയം ഉന്നയിച്ചതിന്‍റെ പേരിൽ തല വെട്ടിയാൽ വെട്ടട്ടേ എന്ന് വെക്കണം. സഭാനേതാക്കൾ പലരും മൃദുഹിന്ദുത്വ സമീപനവുമായി ജീവിക്കുകയാണ്.

2021ൽ ലവ് ജിഹാദിനെക്കുറിച്ച് സിനഡ് ഇറക്കിയ പ്രസ്താവന എല്ലാവരും കണ്ടതാണ്. എൻ.ഐ.എ അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന ലവ് ജിഹാദിനെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് പ്രസ്താവനയിറക്കാൻ അവർക്ക് ലജ്ജയുണ്ടായില്ല. അനാവശ്യമായി ഇസ്‌ലാം വിരോധം പ്രചരിപ്പിക്കുന്നവരിൽ ചില മെത്രാന്മാരുമുണ്ട്. അവർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ചട്ടുകങ്ങളായി വർത്തിക്കുകയാണ്.

എന്നാൽ, ബഹുഭൂരിപക്ഷം വിശ്വാസികളും ഇവരോടൊപ്പമില്ല. കേരളത്തിൽ തങ്ങളുടെ ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കണമെങ്കിൽ ഹിന്ദുക്കളുടെ വോട്ട് മാത്രം പോരെന്ന് ബി.ജെ.പിക്ക് അറിയാം. മുസ്‌ലിംകളെ സമീപിച്ചാൽ കാര്യം നടക്കില്ല. ക്രിസ്ത്യാനികളെ പ്രീണിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാകും. മാർപാപ്പയുടെ വാക്കുകളും നിലപാടുമെങ്കിലും ഇവർ ശ്രദ്ധിച്ചാൽ മതിയായിരുന്നു.

മന്ത്രി സജി ചെറിയാനെപ്പോലെ പൊതുവേദിയിൽ നിൽക്കുന്നവർ കുറച്ചുകൂടി മാന്യമായി പ്രതികരിക്കണമെന്നും ഫാ. പോൾ തേലക്കാട്ട് പറഞ്ഞു.

Tags:    
News Summary - Some bishops are among those spreading anti-Islam, Fr. Paul Thelakkat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.