പയ്യന്നൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിൽ വിചാരണ കോടതിയിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ ചിത്രകാരനും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനത്തിന്റെ ഒറ്റയാൾ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെയാണ് സുരേന്ദ്രൻ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
'വിശപ്പിന്റെ രക്തസാക്ഷ്യം മധുവിന്, വിചാരണക്കോടതിയിൽ കൂറുമാറിയ നാറികൾക്കെതിരെ പ്രതിഷേധം' എന്നെഴുതിയ ബോർഡ് കഴുത്തിൽ തൂക്കിയിടുകയും കൈകൾ പിറകിൽ കെട്ടിയിട്ടുമായിരുന്നു പ്രതിഷേധം.
മധുവിന്റെ വേഷത്തോടെയായിരുന്നു ബസ് സ്റ്റാൻഡിലെത്തിയത്. കേസിൽ ആറ് സാക്ഷികൾ കൂറുമാറിയിട്ടും നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമൂഹം അവലംബിക്കുന്ന നിസ്സംഗതക്കും മൗനത്തിനുമെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഒറ്റയാൾ സമരമെന്ന് സുരേന്ദ്രൻ പറഞ്ഞു.
എൻഡോസൾഫാൻ, പൗരത്വ ഭേദഗതി ബിൽ, പെട്രോൾ വില വർധന, റോഡിലെ കുഴികൾ, ലഹരി ഉപയോഗം, കുന്നിടിക്കൽ, വയൽ നികത്തൽ തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങളിൽ ഒറ്റയാൾ സമരം നടത്തി സുരേന്ദ്രൻ ശ്രദ്ധ നേടിയിരുന്നു. കരിവെള്ളൂർ കൂക്കാനം സ്വദേശിയായ സുരേന്ദ്രൻ, ഇപ്പോൾ സ്വന്തം നാട്ടിൽ ഇടിച്ചുനിരത്തിയ കുറുവൻകുന്നിന് പകരം സ്വന്തം സ്ഥലത്ത് പുതിയ കുന്നുണ്ടാക്കാൻ നടത്തുന്ന ശ്രമം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.