തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതിയിൽ വർധനയെന്ന് കണക്കുകൾ. 2023-24 വർഷത്തെ കണക്കുകൾ പ്രകാരം 24763 കോടി രൂപയുടെ സോഫ്റ്റ്വെയർ കയറ്റുമതിയാണ് ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിങ്ങളിൽ നടന്നത്.
2021-22 വർഷത്തെ 18,330 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 6432 കോടിയുടെ വർധനയാണ് ഇക്കാലയളവിലുണ്ടായത്. കയറ്റുമതിയിൽ മുന്നിൽ ടെക്നോപാർക്കാണ് (13,225 കോടി).
മൂന്ന് പാർക്കുകളിലുമായി 1.47 ലക്ഷം പേർ നിലവിൽ ജോലിചെയ്യുന്നു. രണ്ടു വർഷം മുമ്പ് ഇത് 1.31 ലക്ഷമായിരുന്നു. 15,222 തൊഴിലവസരങ്ങൾ ഇക്കാലയളവിൽ വർധിച്ചു. 2021-22 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 31 കമ്പനികളാണ് അധികമായെത്തിത്. മൂന്ന് പാർക്കുകളിലുമായി നിലവിൽ പ്രവർത്തിക്കുന്നത് 1153 കമ്പനികൾ. കമ്പനികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധനയാണ് ടെക്നോപാർക്കിനുള്ളത്. തൊഴിലവസരങ്ങളുടെ കാര്യത്തിൽ 5.6 ശതമാനവും.
കയറ്റുമതിയിൽ 2023-24 വർഷം കൊച്ചി ഇൻഫോപാർക്ക് നേടിയത് 24 ശതമാനം വളർച്ചയാണ്. കൊച്ചിയിൽ പൊതുവെ, ഐ.ടി സംരംഭങ്ങൾക്ക് സജീവതയേറുന്നെന്നാണ് 2024 ലെ കണക്കുകൾ. കഴിഞ്ഞ വർഷം ടെക്നോളജി കമ്പനികളാണ് കൊച്ചിയില്‍ കെട്ടിടങ്ങള്‍ കൂടുതലും പാട്ടത്തിനെടുത്തത്. ആകെ ഓഫിസ് സ്പേസിന്റെ 44 ശതമാനം വരുമിത്.
യൂറോപ്യൻ, യു.എസ് ഔട്ട്സോഴ്സിങ് സ്ഥാപനങ്ങൾ കേരളത്തെ പുറംകരാർ കേന്ദ്രമായി തെരഞ്ഞെടുക്കുന്നത് സംസ്ഥാനത്തിന് അനുകൂല സാഹചര്യമാവുകയാണ്. ബംഗളൂരുവും ചെന്നൈയും ഹൈദരാബാദും മത്സരിച്ച് ഐ.ടി കമ്പനികളെ എത്തിക്കുന്നത് പോലെ സർക്കാർ തലത്തിൽ ശ്രമങ്ങളുണ്ടായാൽ കയറ്റുമതിയിൽ വീണ്ടും വർധനയുണ്ടാകും. മികച്ച മാനവവിഭവശേഷി, സ്റ്റാർട്ടപ് ആവാസവ്യവസ്ഥ, വിപുലമായ ഡിജിറ്റൽ കണക്ടിവിറ്റി, ഐ.ടി സൗഹൃദ നയം തുടങ്ങി വിവിധ ഘടകങ്ങളും ഐ.ടി വളർച്ചക്ക് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.