റിൻസി മുംതാസ്

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എം.ഡി.എം.എയുമായി പിടിയിൽ

കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരി മരുന്നുമായി പൊലീസ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള എം.ജെ. റെസിഡൻസിയിൽ വെച്ചാണ് റിൻസിയെയും സംഘത്തെയും പിടികൂടിയത്. ലഹരി ഉപയോഗിക്കാനും വിൽപന നടത്താനുമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിക്കൊപ്പം പിടിയിലായത്. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 3.58 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. നേരത്തെ 2025 ജൂലൈയിലും സമാന രീതിയിൽ ലഹരിമരുന്നുമായി റിൻസി പിടിയിലായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി' എന്നാണ് പൊലീസ് റിൻസിയെ വിശേഷിപ്പിച്ചത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ സിനിമാ സെറ്റുകളിലും യുവതാരങ്ങൾക്കിടയിലും വൻതോതിൽ ലഹരിമരുന്ന് എത്തിച്ചുനൽകുന്നതിൽ റിൻസിക്ക് പ്രധാന പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവർ പ്രധാനമായും വിതരണം ചെയ്തിരുന്നത്.

കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ സജീവമായ വ്യക്തിത്വമാണ്. മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് ഷൂട്ടിങ് ലൊക്കേഷനുകളിൽ ലഹരി ഒഴുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കുന്നു. വീണ്ടും ലഹരിക്കേസിൽ കുടുങ്ങിയതോടെ ഇവർക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

Tags:    
News Summary - Social media star Rinsi Mumtaz arrested again with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.