എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ജെ. ജംഷീലക്കാണ് പദ്ധതിയിലെ ആറാമത്തേതും തൃശൂർ ജില്ലയിലെ രണ്ടാമത്തേതുമായ അക്ഷര വീട് ഒരുങ്ങുന്നത്
എരുമപ്പെട്ടി: ഓട്ടം പിഴക്കാത്ത ജംഷീലക്ക് സ്നേഹ സമ്മാനമായി അക്ഷര വീട് ഒരുങ്ങുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഓട്ടത്തിൽ സ്വർണമെഡൽ നേടിയ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.ജെ. ജംഷീലക്കാണ് പദ്ധതിയിലെ ആറാമത്തേതും തൃശൂർ ജില്ലയിലെ രണ്ടാമത്തേതുമായ അക്ഷര വീട് ഒരുങ്ങുന്നത്. മാധ്യമം, സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ.എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷര വീട് പദ്ധതിയിലെ ‘ഊ’ എന്ന അക്ഷരത്തിലാണ് ജംഷീലക്ക് വീടൊരുങ്ങുന്നത്.
ആധിയും ആകുലതകളും വേട്ടയാടിയ കുടുംബത്തിലെ മുതിർന്ന അംഗമായ ജംഷീല ചെറുപ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചതിനുള്ള അംഗീകാരമാണ് അക്ഷര വീട്. ട്രാക്കിൽ ഓടി നേടിയ വീട്ടിൽ ഉമ്മയേയും ഇളയ സഹോദരങ്ങളേയും സംരക്ഷിക്കാനാവുമെന്ന ആശ്വാസത്തിലാണ് ജംഷീല. ഉമ്മയും ഇളയ രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസം. ഉമ്മ ലൈല തയ്യൽ ജോലിക്കാരിയാണ്. അതിലെ തുച്ഛവരുമാനത്തിൽനിന്നാണ് കുടുംബം കഴിയുന്നത്.
മൂന്നുവർഷം മുമ്പാണ് ഇവർ എരുമപ്പെട്ടിയിൽ താമസമാക്കിയത്. എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നതുമുതൽ കായികരംഗത്തുള്ള ജംഷീലയുടെ മികവ് കണ്ടറിഞ്ഞ കായിക അധ്യാപകൻ മുഹമ്മദ് ഹനീഫ പ്രോത്സാഹനം നൽകി. ഇദ്ദേഹത്തിെൻറ ശിക്ഷണത്തിലാണ് ജംഷീലക്ക് കൂടുതൽ നേട്ടം കൈവരിക്കാനായത്. പ്ലസ് ടു വിദ്യാർഥിയായ ജംഷീല 400 മീറ്റർ ഓട്ടത്തിൽ ദേശീയ, സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടി. 57.9 സെക്കൻഡാണ് സമയം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 400 മീറ്ററിലും സ്വർണജേത്രിയായിരുന്നു. കഴിഞ്ഞ വർഷം ഖേലോ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ വെങ്കലം നേടി. തൃശൂർ റവന്യൂ ജില്ലയിൽ രണ്ട് തവണ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്. മത്സരങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളും ട്രോഫികളും സൂക്ഷിക്കാനിടമില്ലാതെയാണ് വാടക മുറിയിൽ കഴിയുന്നത്.
കുടുംബത്തിെൻറ സ്ഥിതി മനസ്സിലാക്കിയ കായികാധ്യാപകൻ മുഹമ്മദ് ഹനീഫയുടെ ജ്യേഷ്ഠൻ പ്രവാസിയായ സത്താർ വീട് വെക്കാൻ അഞ്ച് സെൻറ് സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്താണ് അക്ഷരവീടൊരുങ്ങുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബസന്ത് ലാൽ അക്ഷര വീടിന് തറക്കല്ലിട്ടു. സംഘാടക സമിതി ചെയർമാൻ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അധ്യക്ഷത വഹിച്ചു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം എൻ.കെ. കബീർ, മാധ്യമം തൃശൂർ റീജനൽ മാനേജർ എം.കെ. ജഹർഷാ കബീർ, എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.എം.പൊന്നമ്മ, പ്രധാന അധ്യാപിക എ.എസ്. പ്രേംസി, പി.ടി.എ പ്രസിഡൻറ് എം.എ. ഉസ്മാൻ, ടി.ജെ. ജംഷീല, കെ.എം. അഷറഫ്, കായികാധ്യാപകൻ മുഹമ്മദ് ഹനീഫ, എരുമപ്പെട്ടി മദ്റസ പ്രിൻസിപ്പൽ മുഹമ്മ് ബാഖവി, എ.എം.റഷീദ്, കെ. ശങ്കരൻകുട്ടി, ഫരീദ് അലി, പി.ടി. ദേവസി, സർക്കുലേഷൻ മാനേജർ അബ്ദുൽ റഷീദ്, പരസ്യ വിഭാഗം മാനേജർ മുഹമ്മദ് റഫീഖ്, അഡ്മിനിസ്ട്രേഷൻ ഇൻചാർജ് എം.എ. നൗഷാദ്, അബൂബക്കർ, അഷറഫ് മങ്ങാട്, വടക്കാഞ്ചേരി മാധ്യമം പ്രതിനിധി അജീഷ് കർക്കടകത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.