ലാവലിന്‍: കൂടുതല്‍ വിശദീകരണം  തേടി ഹൈകോടതി

കൊച്ചി: ലാവലിന്‍ കേസില്‍ ആദ്യഘട്ടത്തിലും അന്വേഷണ ഘട്ടത്തിലും പ്രതികളായവരെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചും ഹൈകോടതി സി.ബി.ഐ അടക്കമുള്ള കക്ഷികളുടെ വിശദീകരണം തേടി. പ്രതി ചേര്‍ക്കാനിടയായ സാഹചര്യം, കാന്‍സര്‍ സെന്‍ററിന് ആദ്യ കരാറിന്‍േറയോ ധാരണാ പത്രത്തിന്‍േറയോ ഭാഗമായി ഫണ്ട് വാഗ്ദാനം ഉണ്ടായിരുന്നോ എന്നിവയടക്കം ഒമ്പത് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്.  മാര്‍ച്ച് 15ന് മുമ്പ് വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയിലെ വാദത്തിനിടെയാണ് കോടതി കൂടുതല്‍ വിശദീകരണം തേടിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവലിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ കേസ്.

യഥാര്‍ഥ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികളും കരാറിന് വഴിയൊരുക്കിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും ആരൊക്കെ, യഥാര്‍ഥ കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു, ആദ്യഘട്ട കരാറുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ടവരും അന്വേഷണ ഘട്ടത്തില്‍ പ്രതിയാക്കപ്പെട്ടവരും ആരെല്ലാം, കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനകള്‍ എന്തൊക്കെ, പുതുക്കുകയോ തിരുത്തുകയോ ചെയ്ത കരാറിന്‍െറ വിശദാംശങ്ങള്‍ എന്തെല്ലാം, ഈ കരാറിലെ കക്ഷികള്‍ ആരെല്ലാം, ഇവരെ പ്രതികളാക്കാന്‍ അടിസ്ഥാനമാക്കിയ സാഹചര്യവും വസ്തുതകളും എന്തൊക്കെ, സി.ബി.ഐ ആരോപിക്കുന്ന പോലെ അവസാന ഘട്ടത്തിലുണ്ടായ ഗൂഢാലോചനയുടെ സ്വഭാവം എന്തായിരുന്നു, കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാന്‍ തുക നല്‍കാമെന്ന ലാവലിന്‍ കമ്പനിയുടെ വാഗ്ദാനം ആദ്യ കരാറിന്‍േറയോ ധാരണാപത്രത്തിന്‍േറയോ ഭാഗമായിരുന്നോ, ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വാഗ്ദാനം ഉണ്ടായതും അത് കെ.എസ്.ഇ.ബി സ്വീകരിക്കാനിടയായതും തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. വെള്ളിയാഴ്ച സി.ബി.ഐക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജിന്‍െറ വാദം പൂര്‍ത്തിയായ ശേഷമാണ് സിംഗിള്‍ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 
കേസിലെ സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണ് സി.ബി.ഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നായിരുന്നു സി.ബി.ഐയുടെ വാദം. 
ലാവലിന്‍ ഇടപാടിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട്, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും വിചാരണക്കോടതി പരിഗണിച്ചില്ല.  പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതികള്‍ കുറ്റക്കാരല്ളെന്ന് കോടതി വിലയിരുത്തുകയായിരുന്നു. 

വിചാരണയിലാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതെന്നിരിക്കെ വസ്തുതകള്‍ കോടതി പരിഗണിച്ചില്ളെന്ന് സി.ബി.ഐക്ക് വേണ്ടി എ.എസ്.ജി ചൂണ്ടിക്കാട്ടി.

Tags:    
News Summary - snc lavlin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.