തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പുവെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ സി.പി.എം മുന്നോട്ടുവെച്ച സമവായ ഫോർമുല അപ്പാടെ തള്ളി സി.പി.ഐ. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം കഴിഞ്ഞെത്തിയ ഉടൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയടക്കം പങ്കെടുത്ത് ചേർന്ന സി.പി.എമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിൽ, സി.പി.ഐയെ അനുനയിപ്പിക്കാൻ പദ്ധതി നടത്തിപ്പിൽ മെല്ലെപോക്ക് സ്വീകരിക്കാനും വ്യവസ്ഥകൾ പഠിക്കാൻ സി.പി.ഐ മന്ത്രിമാർ ഉൾപ്പെടുന്ന ഉപസമിതി എൽ.ഡി.എഫ് യോഗത്തിലുണ്ടാക്കാനുമാണ് ധാരണയായത്.
വിഷയത്തിലെ സി.പി.ഐയുടെ ആശങ്ക മുഖ്യമന്ത്രി നേരിട്ട് കേൾക്കാനും തുടർന്ന് ഈ ഫോർമുല മുന്നോട്ടുവെച്ച് പ്രശ്നപരിഹാരവുമായിരുന്നു ലക്ഷ്യമിട്ടത്. ആലപ്പുഴയിൽ ചേരുന്ന സി.പി.ഐ എക്സിക്യുട്ടീവിൽ കടുത്ത തീരുമാനങ്ങളുണ്ടാവാതിരിക്കാൻ അവരുടെ യോഗം ചേരുംമുമ്പ് തന്നെ മുഖ്യമന്ത്രി സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയതോടെ മഞ്ഞുരുക്കമെന്ന ആശ്വാസത്തിലായിരുന്നു സി.പി.എം. എന്നാൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയ സി.പി.ഐ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന വാദം ആവർത്തിച്ചു.
മന്ത്രിസഭ യോഗം ബഹിഷ്കരിക്കാനടക്കം സി.പി.ഐ തീരുമാനിച്ചതോടെ ഇടതുമുന്നണിതന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ രഹസ്യമായി വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ഒപ്പുവെച്ചതിൽ രൂക്ഷ വിമർശനമുന്നയിച്ച സി.പി.ഐ, മന്ത്രിമാരെ പിൻവലിക്കലടക്കം നേരത്തെ ചർച്ച ചെയ്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മധ്യസ്ഥതയിൽ പ്രശ്ന പരിഹാരം എന്നതിലേക്ക് സി.പി.എം എത്തിയിരുന്നത്. അതാണിപ്പോൾ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.