കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മെനിഞ്ചൈറ്റിസ് ബാധയിൽ വൻ വർധന. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 25 വരെ സംസ്ഥാനത്ത് 95 പേർക്ക് അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ് ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗത്തിന്‍റെ കണക്ക്. ആരോഗ്യ വകുപ്പിന്‍റെ വെബ് സൈറ്റ് പ്രകാരം ഇക്കഴിഞ്ഞ 23ന് തിരുവനന്തപുരം കാരോട് 59 കാരിയാണ് അവസാനമായി അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കേരളത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 30 വരെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതും അല്ലാത്തതുമായി 15 പേർക്കായിരുന്നു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു പേർ മരിക്കുകയും ചെയ്തു. തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന മാരകമായ രോഗത്തിന് മരണ നിരക്ക് കുറഞ്ഞു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. പക്ഷേ രോഗമുക്തിക്ക് മാസങ്ങളെടുക്കും. പാർശ്വഫലങ്ങൾക്കും സാധ്യത കൂടുതലാണ്.
ജലാശയങ്ങളില്‍ കാണപ്പെടുന്ന അമീബകള്‍ മനുഷ്യന്‍റെ തലച്ചോറിൽ പ്രവേശിക്കുന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത്. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും അല്ലാതെയും മൂക്കിൽ വെള്ളം കയറുന്നത്തിലൂടെയാണ് അമീബ തലച്ചോറിൽ പ്രവേശിക്കുക. കെട്ടിനിൽക്കുന്ന രോഗകാരികളായ നെഗ്ലേറിയ ഫൗലേറി അടക്കമുള്ള അമീബകളുടെ സാന്നിധ്യമുണ്ടാകും. അതിനാൽ ജലാശയങ്ങളിലും സ്വിമ്മിങ് പൂളുകളിലും കുളിക്കുമ്പോഴും നീന്തുമ്പോഴും ജാഗ്രത വേണം.
പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന് അമീബ ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍, ഗ്രാന്വലോ മാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകൾക്കകമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. 2024 ആഗസ്തിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൽ തന്നെ ആദ്യമായിരുന്നു ഇത്.
പകരുന്നത് എങ്ങനെ?
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് രോഗാണു തലച്ചോറില്‍ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തില്‍ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നെയ്‌സല്‍ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേര്‍ത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്കു കടക്കുന്നു. കുട്ടികളില്‍ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേര്‍ത്തതും പൂര്‍ണമായും അടയാത്തതുമാവാം കൂടുതലും കുട്ടികളെ ബാധിക്കാന്‍ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് ബ്രെയിന്‍ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ശക്തമായ പനി,തലവേദന, ഛര്‍ദി എന്നിവയാണ് ആദ്യം കണ്ടുതുടങ്ങുക. അധികം വൈകാതെ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ലക്ഷണങ്ങള്‍ ഉണ്ടാവുന്നതും രോഗം മൂര്‍ച്ഛിക്കുന്നതും വളരെ പെട്ടന്നായിരിക്കും. ലക്ഷണങ്ങളുമായി എത്തുന്ന രോഗികളില്‍ സാധാരണ മസ്തിഷ്‌ക ജ്വരത്തിന് നടത്തുന്ന പരിശോധന മാത്രം നടത്തിയാല്‍ അമീബയെ കണ്ടെത്താന്‍ കഴിയില്ല. നട്ടെല്ലിൽ നിന്നുള്ള സ്രവത്തിൽ വെറ്റ്മൗണ്ട് പരിശോധന നടത്തിയാലേ അമീബ സാന്നിധ്യം അറിയാന്‍ സാധിക്കുകയുള്ളു. സ്രവം പി.സി.ആര്‍ പരിശോധന നടത്തിയാണ് രോഗം പൂർണമായി സ്ഥിരീകരിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന് സമാനമായിരിക്കും. ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്നത് കണ്ടാൽ രോഗി വെള്ളത്തില്‍ മുങ്ങിക്കുളിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.