കൽപറ്റ: കണ്ണീരുറഞ്ഞ കാത്തിരിപ്പിനും അവസാന നോക്കിനുമിടയിൽ ഇനിയൊരു വിമാനയാത്രയുടെ ദൂരം മാത്രം. സൗദി അറേബ്യയിൽ മരിച്ച മുൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം സിസിലി മൈക്കിളിെൻറ (48) മൃതദേഹം വ്യാഴാഴ്ചക്കുള്ളിൽ നാട്ടിലെത്തുമെന്ന ഉറപ്പുലഭിച്ചതോടെയാണ് സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കാത്തിരിപ്പിന് വിരാമമായത്. പത്തുവർഷം കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്ന പള്ളിക്കുന്ന് ചുണ്ടക്കര മാവുങ്കൽ സിസിലി ഏപ്രിൽ 24നാണ് സൗദിയിൽ നിര്യാതയായത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച് ഏപ്രിൽ 29ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. സൗദിയിലെ കെ.എം.സി.സി, നവോദയ അധികൃതർ ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പൂർത്തിയാക്കിയത്. സൗദിയിലെ കിങ് ഖാലിദ് ആശുപത്രിയിലുള്ള മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളം വരെ എത്തിക്കുന്നതിനുള്ള എല്ലാ ചെലവും അവർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സഹോദരൻ എം.എം. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവ്വാഴ്ച എത്തിക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും വിമാനത്തിൽ കൊണ്ടുവരുന്നതിനുള്ള താമസമാണ് ഇനിയുള്ളത്. വ്യാഴാഴ്ചക്കുള്ളിൽ എത്തുമെന്ന് ഉറപ്പുലഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിയായ മകൾ അമ്മയുടെ വിയോഗത്തെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ല. അമ്മ മാത്രം തുണയുണ്ടായിരുന്ന അവളോട് മരണവിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഉള്ളിൽ.
ഏജൻസി അധികൃതരിൽ വിശ്വസിച്ച് സൗദിയിലെത്തിയ സിസിലിക്ക് ദുരനുഭവങ്ങൾ മാത്രമായിരുന്നു കൂട്ട്. കുട്ടികളെ നോക്കാനെന്നു പറഞ്ഞ് ജനുവരി ആറിന് സൗദിയിലെത്തിയ സിസിലിയെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പരിചരിക്കാനായിരുന്നു ചുമതലപ്പെടുത്തിയത്. ജോലി സ്ഥലത്തെ പീഡനത്തെത്തുടർന്ന് രക്തസമ്മർദം വർധിച്ച് ഗുരുതരനിലയിലായ സിസിലിയെ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സൗദി പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.