തിരുവനന്തപുരം: വിതരണം ചെയ്തെങ്കിലും തിരികെ കിട്ടാത്ത എസ്.ഐ.ആർ ഫോമുകൾ ‘സ്ഥലം മാറിപ്പോയവരുടെ’ പട്ടികയിലേക്ക് മാറ്റാൻ ബി.എൽ.ഒമാരോട് പല ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരും (ഇ.ആർ.ഒ) ആവശ്യപ്പെടുകയാണെന്ന് വിമർശനം. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വിളിച്ച യോഗത്തിൽ കോൺഗ്രസ് പ്രതിനിധി എം.കെ. റഹ്മാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിലെ വോട്ടർപട്ടികയിൽ പേരുള്ളവരെ ഇത്തരത്തിൽ ‘ഷിഫ്റ്റി’ലേക്ക് മാറ്റുന്നതോടെ ‘കണ്ടെത്താനാകാത്ത’വരുടെ പട്ടികയിലാകും ഇവരെത്തുക. പിന്നീട് വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ ഓഫിസുകൾ കയറി ഇറങ്ങേണ്ടിവരും.
2002ലെ പട്ടികയിൽ പേരില്ലാത്തവരോട് ‘നിങ്ങൾ ആ ഭാഗം പൂരിപ്പിക്കേണ്ടെ’ന്നാണ് ചില ബി.എൽ.ഒമാർ പറയുന്നത്. എങ്ങനെയെങ്കിലും ഫോം പൂരിപ്പിച്ച് തിരികെ വാങ്ങണമെന്നാണ് നിർദേശമാണ് ഇവർക്കുള്ളത്. ഇത് പിന്നീട് വലിയ ആശയക്കുഴപ്പങ്ങൾക്കാകും ഇടയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൈസേഷന് കമീഷൻ ധൃതി കൂട്ടുന്നുവെങ്കിലും ആപിലെ സങ്കേതിക പ്രശ്നങ്ങൾ മൂലം ബി.എൽ.ഒമാർ വട്ടം കറങ്ങുകയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ആപ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ഫോം അപ്‌ലോഡ് ചെയ്യാൻ പോലും ബി.എൽ.ഒമാർക്ക് സാധിക്കുന്നില്ലെന്നും സി.പി.എം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ചെയ്യാവുന്ന കാര്യം ഇപ്പോൾ അരമണിക്കൂർ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഒരേ സമയത്ത് ഫോം നൽകിയവരാണെങ്കിലും ഡിജിറ്റൈസേഷൻ നടക്കുന്നത് പല സമയത്താണെന്നതിനാൽ ആളുകളിൽ ആശങ്ക നിലനിൽക്കുന്നു. ഫോൺ നമ്പർ ലിങ്ക് ചെയ്യാനാകില്ലെന്ന് പറഞ്ഞാണ് ചിലരുടേത് വൈകുന്നത്. പൂരിപ്പിച്ച് നൽകുന്ന എല്ലാവരുടെയും ഫോം ഡിജിറ്റൈസ് ചെയ്യാനുള്ള നപടിയുണ്ടാകണമെന്നും ആവശ്യമുയർന്നു.
തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ അവസാനിക്കാൻ അഞ്ചുദിവസം ശേഷിക്കേ വിതരണം ചെയ്തതിൽ പൂരിപ്പിച്ച് കിട്ടാനുള്ളത് 42 ലക്ഷം ഫോമുകൾ. 2.78 കോടിയിൽ 99.5 ശതമാനം (2.76 കോടി) ഫോമുകൾ വിതരണം ചെയ്തെന്നാണ് കമീഷന്‍റെ കണക്ക്. ഇതിൽ 85 ശതമാനമായ 2.34 കോടി ഫോമുകളാണ് തിരികെ എത്തിയത്. ശേഷിക്കുന്ന 42 ലക്ഷം ഫോമുകൾ കലക്ഷൻ സെന്‍ററുകളടക്കം സ്ഥാപിച്ച് തിരികെ വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്.
തിരിച്ചുവന്ന 2.34 കോടി ഫോമുകളിൽ 75 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്നാണ് കമീഷന്റെ നിഗമനം. അപ്‌ലോഡ് ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1.75 കോടി വരും. കിട്ടിയിട്ടും ഡിജിറ്റൈസ് ചെയ്യാൻ അവശേഷിക്കുന്നത് 59 ലക്ഷം ഫോമുകളാണ്. ഡിജിറ്റൈസ് ചെയ്തതിൽ 91 ശതമാനത്തിലും മാപ്പിങ് പൂർത്തിയാക്കാനായി. 2002ലെ പട്ടികയിൽ പേരുള്ളവരോ രക്ഷിതാക്കൾ പട്ടികയിൽ ഉൾപ്പെട്ടവരോ ആണ് ഈ 91 ശതമാനമായ 1.59 കോടി പേർ. ഇവർ തിരിച്ചറിയിൽ രേഖകൾ സമർപ്പിക്കേണ്ടിവരില്ല.
ശേഷിക്കുന്ന ഒമ്പത് ശതമാനമായ 16 ലക്ഷം പേർ രേഖകൾ സമർപ്പിക്കണം. ഡിജിറ്റൈസേഷൻ 71 ശതമാനം പിന്നിട്ടപ്പോൾതന്നെ കണ്ടെത്താനാകാത്തവരുടെ എണ്ണം 7.61 ലക്ഷം കവിഞ്ഞു. ഇതിൽ 3.41 ലക്ഷം മരിച്ചവരാണ്. 88,945 പേരെ കണ്ടെത്താനായിട്ടില്ല. 2.79 ലക്ഷംപേർ സ്ഥിരമായി താമസം മാറിയവരാണ്. ഇരട്ടിപ്പിന്‍റെ പേരിൽ പട്ടികയിൽ ഉൾപ്പെട്ടവർ 44,758 വരും. ഫോം വാങ്ങാൻ തയാറാകാത്തവരും വാങ്ങിയിട്ട് തിരികെ നൽകാൻ താൽപര്യമില്ലെന്ന് അറിയിച്ചവരും 7244 പേർ.
തിരുവനന്തപുരം: പരമാവധി പേരെ പട്ടികയിൽ ഉൾപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. നടപടികളെല്ലാം പൂർത്തിയാകുമ്പോൾ രേഖകൾ സമർപ്പിക്കേണ്ടവർ ഒന്നോ രണ്ടോ ശതമാനം മാത്രമേ ഉണ്ടാകൂ. അപ്പീലുകൾ പരമാവധി കുറച്ച് പട്ടിക തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. 99.5 ശതമാനം ഫോറങ്ങളും വിതരണം ചെയ്‌തു. ബാക്കിയുള്ളവയുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 2002ലെ പട്ടികയിലെ വിവരങ്ങള്‍ എന്യൂമറേഷന്‍ ഫോറത്തില്‍ ചേര്‍ക്കാത്തവരുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും. പൂരിപ്പിക്കാത്തവരുടെ വിവരങ്ങൾ വളണ്ടിയർമാരുടെയും വില്ലേജ് ജീവനക്കാരുടെയും സഹകരണത്തോടെ കണ്ടെത്തി പൂരിപ്പിക്കും. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലും സംശയമുണ്ടെങ്കിലും മാത്രമാകും വോട്ടര്‍ക്ക് നോട്ടീസും ഹിയറിങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.