തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്‍റെ (എസ്.ഐ.ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം ലഭിക്കാനും തെറ്റുകൂടാതെ അവ പൂരിപ്പിച്ച് തിരിച്ചേൽപിക്കാനും ഓരോ വോട്ടറും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഫോറവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന പ്രധാന സംശയങ്ങളും അവക്കുള്ള പരിഹാരങ്ങളും അറിയാം.
എസ്.ഐ.ആർ നടപടികളിൽ ഏറ്റവും സുപ്രധാനമാണ് എന്യൂമറേഷൻ ഫോറം വിതരണവും തിരികെ വാങ്ങലുമടക്കം ഉൾപ്പെടുന്ന വിവരശേഖരണം ഘട്ടം. നിലവിലെ ഷെഡ്യൂൾ പ്രകാരം നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് വീടുകയറിയുള്ള വിവരശേഖരണം. 25,000 ഓളം ബി.എൽ.ഒമാരാണ് ഫീൽഡിലുളളത്.
‘ബി.എൽ.ഒ ആപ്’ വഴിയാണ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ. എത്ര പേർക്ക് ഫോറം വിതരണം ചെയ്തുവെന്ന വിവരം ആപിൽ അപ്ഡേറ്റ് ചെയ്യണം. ഇതുപോലെ ഫോറം തിരികെ വാങ്ങുന്നതും ആപിൽ ചേർക്കണം. വിതരണം ചെയ്യാത്ത ഫോമുകളുണ്ടെങ്കിൽ അതിന്‍റെ കാരണം ബി.എൽ.ഒമാർ ആപിൽ രേഖപ്പെടുത്തണം. 15 ബി.എൽ.ഒമാർക്ക് ഒരു സൂപ്പർവൈസറെയും സംശയനിവാരണങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും രണ്ട് ട്രെയിനർമാരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടർ വിവരങ്ങൾ ‘മാപ്പിങ്’ നടത്താനുള്ള സൗകര്യവും ആപ്പിലുണ്ട്. വോട്ടർ വിവരങ്ങൾ ഓൺലൈനായി സ്ഥിരീകരിച്ച് വോട്ടറെ കരടുപട്ടികയിൽ ഉറപ്പുവരുത്തുന്ന പ്രവർത്തനമാണ് മാപ്പിങ്. 2002ലെയും 2025ലെയും പട്ടികയിലുൾപ്പെട്ടവരുടെ വിവരങ്ങൾ ബി.എൽ.ഒമാർതന്നെ മുൻകൂട്ടി മാപ്പിങ് നടത്തിയിട്ടുണ്ട്. 2002ലെ പട്ടികയിലുൾപ്പെടാത്തവരെ 2002ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട രക്ഷിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പ് ചെയ്യുന്ന ‘ആഡ് പ്രൊജനി’, ‘സെൽഫ് പ്രൊജനി’ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. പട്ടികയിലുള്ള ഒരു വോട്ടർ തന്റെ വിവരങ്ങൾവെച്ച് മക്കളെയോ, 18 വയസ്സ് പൂർത്തിയായ ചെറുമക്കളേയോ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനുള്ള നടപടിക്രമമാണ് ‘ആഡ് പ്രൊജനി’ മാപ്പിങ്. 2002ലെ വോട്ടർ പട്ടികയിലുള്ളയാളുടെ പിൻഗാമിയാണ് താനെന്ന് സ്വയം സാക്ഷപ്പെടുത്തി വോട്ടർ പട്ടികയിൽ പേർ ചേർക്കൽ നടപടിയാണ് ‘സെൽഫ് പ്രൊജനി മാപ്പിങ്’.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘വോട്ടേഴ്സ് കോർണർ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് എസ്.ഐ.ആർ 2002 തെരഞ്ഞെടുക്കണം (https://www.ceo.kerala.gov.in/voter-search). ഇവിടെ തെളിയുന്ന വിൻഡോയിൽ ജില്ല, നിയമസഭാ മണ്ഡലം എന്നിവ നൽകി 2002ലെ വോട്ടർപട്ടിക തിരയാം. ബൂത്തിന്‍റെ പേര്, വീട്ടുപേര് എന്നിവകൂടി നൽകിയാൽ വേഗത്തിൽ വിവരങ്ങൾ ലഭിക്കും. ഇനി നിലവിലെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് https://electoralsearch.eci.gov.in/ എന്ന ലിങ്ക് വഴിലാണ് സേർച്ച് ചെയ്യേണ്ടത്. വോട്ടർ ഐ.ഡി കാർഡ് നമ്പർ ഉപയോഗിച്ചോ, വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചോ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ചോ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ബി.എൽ.ഒ ആരാണ് എന്നറിയുന്നതിന് https://www.ceo.kerala.gov.in/blo എന്ന ലിങ്കിൽ പ്രവേശിച്ച് ജില്ല, നിയമസഭ മണ്ഡലം, ബൂത്തിന്‍റെ പേര് എന്നിവ നൽകിയാൽ മതി. ഫോൺ നമ്പർ സഹിതം ലഭിക്കും.
2002ലെ പട്ടികയിൽ പേരിൽ തെറ്റുണ്ട്, അപൂർണവുമാണ്, എന്നാൽ 2025ലെ പട്ടികയിൽ പൂർണമായ വിവരങ്ങളാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ 2002ലെ വിവരങ്ങൾ ആവശ്യപ്പെടുന്ന കോളത്തിൽ 2002ലെ പട്ടികയിൽ എന്താണോ ഉള്ളത് അത് അതേപടി പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്. 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടയാൾ ഒന്നു തന്നെയാണെന്ന് സ്ഥിരീകരിക്കലാണ് വിവരസമാഹരണത്തിലൂടെ ഉദ്ദേശിക്കുന്നത്, തെറ്റു തിരുത്തലല്ല. പഴയ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയാലും 2025ലെ പട്ടികയിൽ എങ്ങനെയാണോ പേര് വിവരങ്ങൾ, അതേ പടിയാകും ഡിസംബർ ഒമ്പതിന് പുറത്തിറങ്ങുന്ന എസ്.ഐ.ആറിന്‍റെ കരട് പട്ടികയിലുമുണ്ടാവുക. ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് പിന്നീട് അവസരം നൽകും.
2025ലെ പട്ടികയിൽ പേരുണ്ടെങ്കിലും 2002ൽ ഉൾപ്പെട്ടിട്ടില്ല. സ്വഭാവികമായും രക്ഷിതാവ് 2002ലെ പട്ടികയിലുണ്ടെങ്കിൽ ആ വിവരമാണ് ചേർക്കേണ്ടത്. രക്ഷിതാവ് ഇതിനിടയിൽ മരണപ്പെട്ടയാളാണെങ്കിലും രക്ഷിതാവിന്‍റെ പേര് വിവരങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നാൽ മതി. ആ വിവരങ്ങൾ ഫോമിൽ പൂരിപ്പിച്ചാൽ നടപടി പൂർത്തിയാകും. മറ്റു രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല.
2025 ഒക്ടോബർ 27 ലെ വോട്ടർപട്ടികയിൽ 2.78 കോടി പേരാണുള്ളത്. ഇവർക്കെല്ലാം ഫോറം അച്ചടിച്ച് വിതരണം ചെയ്യും. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് തിരികെ നൽകിയ എല്ലാവരും ഡിസംബർ ഒമ്പതിന് പുറത്തിറങ്ങുന്ന കരട് വോട്ടർ പട്ടികയിലുണ്ടാകും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർപരിശോധനയും. അന്നുമുതൽ ജനുവരി എട്ടു വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ ഹിയറിങ് രേഖകളുടെ പരിശോധന നടക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടികയും.
ഫോറം പൂരിപ്പിച്ച് നൽകിയവർ മാത്രമാണ് എസ്.ഐ.ആർ കരട് പട്ടികയിൽ ഉൾപ്പെടുക. ഏതെങ്കിലും കാരണത്താൽ ഫോറം പൂരിപ്പിച്ച് നൽകാനാകാത്തവർക്ക് ഡിസംബർ ഒമ്പതിന് ശേഷം അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നാണ് കമീഷന്‍റെ വിശദീകരണം. ഫോറം 6 നൽകി പട്ടികയിൽ ചേർക്കാനായി അപേക്ഷ സമർപ്പിക്കണം.
2002ലെയും 2025ലെയും വോട്ടർ പട്ടികയിൽ പേരില്ലാത്തവർ ഫോറം 6 (വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ഫോം) പൂരിപ്പിച്ച് നൽകണം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് ഡിസംബർ ഒൻപതിനു ശേഷമാണ് നൽകേണ്ടത്. സാധാരണ ഈ ഫോറം നൽകുമ്പോളുള്ള നടപടിക്രമം തന്നെയാണിതിന് ഇപ്പോഴും.
ജോലി, പഠനം എന്നീ കാരണങ്ങളാൽ നാട്ടിലില്ലാത്തവർക്കായി രണ്ട് വഴികളാണ് തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെക്കുന്നത്. പ്രവാസികൾക്കായി ഇവരുടെ കുടുംബാംഗങ്ങൾക്ക് എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകാം എന്നതാണ് ഇതിൽ ഒന്ന്. രണ്ടാമത്തേത് ഓൺലൈൻ വഴി ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യലും. ഓൺലൈൻ വഴിയുള്ള അപേക്ഷ സമർപ്പണത്തെ അപേക്ഷിച്ച് ഏറ്റവും പ്രായോഗികവും ലളിതവും സൗകര്യപ്രദവുമാണ് ആദ്യത്തെ രീതി. വിവരങ്ങൾ കൃത്യമായി നൽകിയാൽ മാത്രം മതിയാകും.
2002ലെയും 2025ലെയും വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾ ഫോറം 6A (പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ഫോം) പൂരിപ്പിച്ച് നൽകണം. അതു പക്ഷെ ഇപ്പോഴല്ല. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് ഡിസംബർ ഒൻപതിനു ശേഷമാണ് നൽകേണ്ടത്.
എന്യൂമറേഷൻ ഫോറം എംബസി സാക്ഷ്യപ്പെടുത്തണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് എടുത്തു കളഞ്ഞിട്ടുണ്ട്. വീട്ടുകാരോ അടുത്ത ബന്ധുക്കളോ ഏറ്റുവാങ്ങി ഒപ്പിട്ടു നൽകിയാൽ മതിയാകും - മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ
2025ലെ വോട്ടർ പട്ടികയിലുള്ള വാർഡിലെ വിലാസത്തിലാണ് എന്യൂമറേഷൻ ഫോറം എത്തുക. ഇവിടെനിന്ന് താമസം മാറിപ്പോയവർ കൂടുതൽ ജാഗ്രത കാട്ടണം. ഉദാഹരണത്തിന് 2025ലെ വോട്ടർ പട്ടിക പ്രകാരം നേമം മണ്ഡലത്തിലെ കമലേശ്വരം വാർഡിലാണ് വോട്ടറുള്ളത്. ഇതിനിടെ ഇതേ മണ്ഡലത്തിലെ മറ്റൊരു വാർഡിലേക്കോ അല്ലെങ്കിൽ മറ്റൊരു ജില്ലയിലേക്കോ വോട്ടർ താമസം മാറിയെന്നിരിക്കട്ടെ. എന്യൂമറേഷൻ ഫോറം വരിക നേമത്തെ കമലേശ്വരം വാർഡിലെ ബി.എൽ.ഒയുടെ കൈയിലാകും. ബി.എൽ.ഒ പരിശോധനക്കെത്തുന്ന ഘട്ടത്തിൽ വീട് അടഞ്ഞുകിടക്കുകയാകും. അല്ലെങ്കിൽ വീട് മാറിപ്പോയി എന്ന് സമീപവാസികൾ പറഞ്ഞിട്ടുണ്ടാകാം.
വോട്ടർ സ്ഥലത്തില്ലെന്ന കാരണം ആപിൽ ചേർത്ത് ഫോറം മടക്കി അയക്കുകയാകും ബി.എൽ.ഒ ചെയ്യുക. എന്യൂമറേഷൻ പൂർത്തിയാക്കുന്നതിന്‍റെ തിരക്കിൽ, സ്ഥലത്തില്ലാത്ത വോട്ടറെ അന്വേഷിച്ച് കണ്ടെത്തി ഫോറം കൈമാറാൻ ബി.എൽ.ഒ മെനക്കെടണമെന്നില്ല. നിലവിൽ താമസിക്കുന്ന വാർഡിലെ ബി.എൽ.ഒക്ക് ഇതേക്കുറിച്ച് വിവരവുമുണ്ടാകില്ല. ഫലത്തിൽ കരട് പട്ടിക വരുമ്പോൾ വോട്ടർ പട്ടികയിൽനിന്ന് പുറത്താകുന്നതാകും സംഭവിക്കുക. പിന്നീട് ഫോറം 6 നൽകി പുതുതായി പേര് ചേർക്കേണ്ടി വരും. ഈ സാഹചര്യത്തിൽ വോട്ടർതന്നെ മുൻ കൈയെടുക്കണമെന്നത് നിർബന്ധമാണ്. അതായത് എന്യൂമറേഷന്‍റെ കാര്യത്തിൽ ‘താൻ പാതി ബി.എൽ.ഒ പാതി’ എന്നതാണ് യാഥാർഥ്യം.
തെരഞ്ഞെടുപ്പ് കമീഷൻ അവസാനമായി എസ്.ഐ.ആർ നടപ്പാക്കിയ 2002ൽ, വോട്ടർ പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിരുന്നോ എന്ന സ്ഥിരീകരിക്കലും സാക്ഷ്യപ്പെടുത്തിലുമാണ് പഴയ വിവരങ്ങൾ ആവശ്യപ്പെടുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2025 ഒക്ടോബറിലെ വോട്ടർ പട്ടിക അനുസരിച്ചാണ് എന്യൂമറേഷൻ ഫോറം വിതരണം ചെയ്യുക.
നിലവിൽ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ടയാൾ 2002ൽ ജോലി ആവശ്യാർഥം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്ന് കരുതുക. ഇയാളുടെ നിലവിലെ താമസസ്ഥലമായ കൊടുവള്ളിയിലെ ബൂത്തിലാണ് ഫോറം കിട്ടുക. ഇയാൾ 2002ൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ താൻ താമസിച്ചിരുന്ന വാർഡിലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ കണ്ടെത്തി അതാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്.
2002ൽ തമിഴ്നാട്ടിൽ താമസിച്ചിരുന്നയാൾ ഇപ്പോൾ കേരളത്തിലാണ് താമസം. ഇദ്ദേഹം 2002ൽ തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ എന്യൂമറേഷൻ ഫോമിൽ 2002ൽ തമിഴ്നാട്ടിലെ വിവരങ്ങളാണ്, പഴയ വിവരങ്ങൾ ആവശ്യപ്പെടുന്ന കോളത്തിൽ നൽകേണ്ടത്. ഇത് ബിഹാർ ഒഴികെ മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം ബാധകമാണ്. ബിഹാറിൽ 2025 പുതിയ എസ്.ഐ.ആർ നിലവിൽവന്ന സാഹചര്യത്തിൽ ഈ വിവരങ്ങളാണ് നൽകേണ്ടിവരിക.
വോട്ടർപട്ടിക വിവരങ്ങളിൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഓൺലൈൻ വഴി എസ്.ഐ.ആർ അപേക്ഷ ഫോറം സമർപ്പിക്കാനാവുക. ഇല്ലെങ്കിൽ ഫോറം 8 വഴി വോട്ടർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം. മാത്രമല്ല, പലതരം വെരിഫിക്കേഷനുകൾ പൂർത്തിയാക്കിയാലേ അപേക്ഷ സമർപ്പിക്കാനും കഴിയൂ.
വോട്ടർ ഐ.ഡി കാർഡിലെ പേര്, ജനനതീയതി, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവ ഡാറ്റാബേസിലെ വിവരങ്ങളുമായി പൊരുത്തപ്പെടാതെ വരുകയോ അപൂർണമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഓൺലൈൻ അപേക്ഷ തുടരാനാകില്ല. ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽകൂടിയാണ് പോർട്ടൽ വഴിയുള്ള എന്യൂമറേഷൻ. വോട്ടർ പട്ടികയിലെയും ആധാർ വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടായാൽ ഓൺലൈൻ നീക്കങ്ങൾ തടസ്സപ്പെടും.
പട്ടികയിലെ പേര് ചിലപ്പോൾ അപൂർണമായിരിക്കും. ഇതാകട്ടെ ഓൺലൈൻ എന്യൂമറേഷൻ നടപടികളിൽ വെല്ലുവിളിയുമാകും. ഓൺലൈൻ സൗകര്യം ഉപയോഗിക്കുന്നതിന്, ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേർഡ് ആവശ്യപ്പെടാമെന്നതാണ് മറ്റൊന്ന്. ഫലത്തിൽ ആധാർ വോട്ടർ പട്ടിക ലിങ്കിങ്ങിന് സമാനമായ സാഹചര്യമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.