കോഴിക്കോട്: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി ബി.എൽ.ഒക്ക് കാരണം കാണിക്കൽ നോട്ടീസ്. പൊതുമരാമത്ത് വകുപ്പ് സീനിയർ ക്ലാർക്ക് അസ് ലമിനാണ് സബ് കലക്ടർ നോട്ടീസ് നൽകിയത്. നവംബർ 15ന് മുമ്പ് മറുപടി നൽകണമെന്നാണ് നിർദേശം.
96-ാം നമ്പർ ബൂത്തിന്‍റെ ചുമതലയാണ് അസ് ലമിന് നൽകിയിരുന്നത്. 984 വോട്ടർമാരിൽ 390 പേർക്കാണ് ബി.എൽ.ഒ വിതരണം ചെയ്തത്. ബി.എൽ.ഒ കൃത്യമായി ജോലി ചെയ്തില്ലെന്നാണ് സബ് കലക്ടറിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. എന്തു കൊണ്ടാണ് എന്യൂമറേഷൻ ഫോറം വിതരണം ചെയ്യാൻ വൈകിയതെന്നും നോട്ടിസിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. ബി.എൽ.ഒമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർവഹിക്കുന്നതിനും തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പരാതി പ്രകാരമാണ് ബി.എൽ.ഒക്ക് സബ് കലക്ടർ നോട്ടീസ് നൽകിയത്.
ജോലി സമ്മര്‍ദം കാരണം കണ്ണൂരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്ത സംഭവത്തിലും ബി.എൽ.ഒ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലും പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധിച്ചു.
ജോലി സമ്മര്‍ദം കാരണം വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ചുമതലയുള്ള ബൂത്ത് ലെവൽ ഓഫിസറെ (ബി.എൽ.ഒ) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ രാമന്തളി കുന്നരു എ.യു.പി സ്കൂളിലെ ജീവനക്കാരൻ കാങ്കോൽ ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ 11ഓടെ ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബത്തെ പള്ളിയിൽ കൊണ്ടുവിട്ടതിനു ശേഷമായിരുന്നു ജീവനെടുക്കിയതെന്ന് സംശയിക്കുന്നു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നുവരെ ജോലി ചെയ്തതായും പറയുന്നു. 15 വർഷമായി കുന്നരു എ.യു.പി സ്കൂളിലെ പ്യൂണാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.