സിന്ധുവിന്റെ ആത്മഹത്യ: ജൂനിയര്‍ സൂപ്രണ്ട് നിർബന്ധിത അവധിയിൽ പ്രവേശിക്കണമെന്ന് നിർദേശം

മാനന്തവാടി: മേലുദ്യോഗസ്ഥരുടെ മാനസികപീഡനം കാരണം മാനന്തവാടിയിൽ മോട്ടോർ വാഹനവകുപ്പ് ജീവനക്കാരി സിന്ധു ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി.

വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത്, ആർ.ടി.ഒ ഇ. മോഹൻദാസ്, മാനന്തവാടി ജോ. ആർ.ടി.ഒ വിനോദ് കൃഷ്ണ എന്നിവരിൽനിന്ന് മൊഴികൾ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയയായ മാനന്തവാടി ഓഫിസിലെ ജൂനിയർ സൂപ്രണ്ട് അജിതകുമാരിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മാനന്തവാടി ഓഫിസിൽ എത്തിയ ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ ആരോപണവിധേയയായ ഉദ്യോഗസ്ഥ അടക്കമുള്ളവരുടെ മൊഴികൾ ശേഖരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. മരിച്ച സിന്ധുവിന്റെ വീട്ടിലെത്തി ബന്ധുക്കളിൽനിന്നും മൊഴി രേഖപ്പെടുത്തി.

അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ട്രാൻസ്പോർട്ട് കമീഷണർക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും ജീവനക്കാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, പൊലീസ് അന്വേഷണവും ഊർജിതമായി നടക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് മാനന്തവാടി ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധുവിനെ (42) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലിക്ക് വഴങ്ങാത്തതിനാൽ മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി ഇവരുടെ ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിട്ടുണ്ട്. ഏതാനും ഉദ്യോഗസ്ഥരുടെ പേരുകൾ എഴുതി വെക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടു. വയനാട് ആർ.ടി.ഒയും ജില്ല പൊലീസ് മേധാവിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Sindhu suicide: Junior superintendent ordered to go on compulsory leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.