സിൽവർ ലൈൻ യാത്രാനിരക്ക് വർഷം ആറ് ശതമാനം കൂടും

തിരുവനന്തപുരം: സിൽവർ ലൈനിൽ യാത്രാനിരക്ക് കിലോമീറ്ററിന് 2.75 രൂപയാണെന്ന് കെ-റെയിൽ അവകാശവാദമുന്നയിക്കുമ്പോഴും പ്രതിവർഷം ആറ് ശതമാനം വീതം നിരക്ക് വർധിക്കുമെന്ന് പദ്ധതി രേഖകൾ. കുറഞ്ഞ കിലോമീറ്റർ നിരിക്ക് ചൂണ്ടിക്കാട്ടിയാണ് മറ്റ് പൊതുഗതാഗത സംവിധാനങ്ങളേക്കാൾ ലാഭകരമാണ് സിൽവർ ലൈൻ യാത്രയെന്ന് അധികൃതർ സ്ഥാപിക്കുന്നത്. അതേ സമയം 2.75 രൂപ എന്നത് 2019-20 കാലയളവിലെ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണെന്നും പ്രതിവർഷം ആറ് ശതമാനം നിരക്ക് വർധനയുണ്ടാകുമെന്നും ഡി.പി.ആറി‍െൻറ ഭാഗമായ എക്സിക്യൂട്ടിവ് സമ്മറി ചൂണ്ടിക്കാട്ടുന്നു. പദ്ധതിചെലവ് 63,000 കോടിയായി നിശ്ചയിച്ചുള്ള കണക്കാക്കലിലാണ് കിലോമീറ്റർ നിരക്ക് 2.75 രൂപയാകുന്നത്.

എന്നാൽ ഒരു ലക്ഷം കോടിയുടെ മുകളിലാകും ചെലവെന്നാണ് നിതി ആയോഗി‍െൻറ വിലയിരുത്തൽ. പദ്ധതി ഒരുവർഷം വൈകിയാൽ 3500 കോടി അധികം ചെലവാകുമെന്ന് കെ-റെയിൽ തന്നെ കരുതുന്നു. ഈ ഘടകങ്ങളെല്ലാം മുന്നിൽവെച്ച് പരിശോധിക്കുമ്പോൾ 'ചെലവ് കുറഞ്ഞ യാത്ര' എന്ന അവകാശവാദം പൊളിയാനാണ് സാധ്യത. ഡി.പി.ആർ പ്രകാരം 2025-2026ൽ 2276 കോടിയാണ് ടിക്കറ്റിനത്തിലെ വരുമാനം പ്രതീക്ഷിക്കുന്നത്. 2032-2033ൽ ഇത് 4,504 കോടിയായും 2042-2043ൽ 10,361 കോടിയായും ഉയരുമെന്നാണ് കരുതൽ. റോ-റോ സർവിസിൽ നിന്നും കെ-റെയിൽ കാര്യമായി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ഒരു ട്രക്കിൽ നിന്ന് 13,536 രൂപ കിട്ടുമെന്നാണ് കണക്ക്. അതേസമയം റോ-റോ സർവിസിനും പ്രതിവർഷം നിശ്ചിത ശതമാനം നിരക്കുവർധനയുണ്ടാകും.

2020ൽ പദ്ധതിയുടെ നിർമാണമാരംഭിക്കുമെന്നത് കണക്കാക്കിയാണ് 2025ൽ പദ്ധതി പൂർത്തിയാകുമെന്ന് കെ-റെയിൽ പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. വായ്പ നടപടികൾ പൂർത്തിയാകാൻ ഇനി ഒരു വർഷമെടുക്കും. വായ്പകൾക്കായി ഔദ്യോഗിക ചർച്ചകൾക്കുള്ള അനുമതിയും കിടിയിട്ടില്ല. അനുമതി കിട്ടിയാൽ തന്നെ കെ-റെയിൽ തയാറാക്കിയ പാരിസ്ഥിതാകാഘാത പഠനവും സാമൂഹികാഘാത പഠനവുമെല്ലാം വിശദമായി പരിശോധിച്ചും വിലയിരുത്തിയും നടപടിക്രമങ്ങൾ പരിശോധിച്ചും മാത്രമേ വിദേശബാങ്കുകൾ വായ്പ അനുവദിക്കൂ. ഇതിനിടെയാണ് കല്ലിടലിനെതിരെ വ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ. സ്വാഭാവികമായും നിർമാണ നടപടികൾ അനന്തമായി നീളാനാണ് സാധ്യത. അങ്ങനെയെങ്കിൽ നിർമാണച്ചെലവും കൂടും. 

Tags:    
News Summary - Silver Line fares will increase by six per cent a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.