സിക്കിമിലെ തുരങ്ക അപകടത്തിൽ മരിച്ച അനീഷ് മോഹൻ
കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി.) സീനിയർ മാനേജരായ കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ അനീഷ് മോഹന്‍ (43) ആണ് മരിച്ചത്. സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരിക്കുന്ന ടണലില്‍ തിങ്കളാഴ്ച ഉച്ചക്കുണ്ടായ മണ്ണിടിച്ചിലിൽപെട്ടാണ് മരണം. അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
സിക്കിമില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡ്മാര്‍ഗം കൊല്‍ക്കത്തയിൽ എത്തിച്ചിരുന്നു. അവിടെ വിമാനത്താവളത്തില്‍, നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂനിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു. തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നീട് നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഉച്ചക്ക് ഒന്നരക്ക് വീട്ടുവളപ്പില്‍.
കേരളത്തിലെ വിവിധ സംസ്ഥാന, കേന്ദ്ര ജനപ്രതിനിധികൾ ഇടപ്പെട്ട ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചത്. അനീഷിന്‍റെ ഭാര്യ സംഗീതയും സഹോദരന്‍ ബിനീഷും തിങ്കളാഴ്ച തന്നെ അപകടസ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
16 വർഷമായി എൻ.എച്ച്.പി.സി തുടരുന്ന അനീഷ് മോഹൻ, സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു. ഹരിയാനയിൽ കുടുംബസമേതം താമസിക്കവെ ഏഴുമാസം മുമ്പാണ് സിക്കിം യൂനിറ്റ് മാനേജരായി സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് ഭാര്യ ഡോ. സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യ നഗറിലെ വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ രാത്രി എട്ടോടെ അനീഷ് പഠിച്ച നാട്ടകം കോളജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ എൻ.എച്ച്.പി.സി അധികൃതർ വിളിച്ച് ബന്ധുക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സഹോദരൻ ബിനീഷിനെയും അധികൃതർ ബന്ധപ്പെട്ടു. അപ്പോഴാണ് അപകടവിവരം നാട്ടിലറിയുന്നത്.
നാലു ദിവസമായി തുരങ്കത്തിൽ കുടുങ്ങിയവർക്കായി തിരിച്ചിൽ ഊർജിതമായി പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പത്താഴക്കുഴി വീട്ടിൽ തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന പി.കെ. മോഹനും അധ്യാപികയായിരുന്ന അമ്മിണിക്കുട്ടിയുടെയും മകനാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.