വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്പെൻഷനിലായ രണ്ടു വിദ്യാർഥികളെ യൂനിവേഴ്സിറ്റി തിരിച്ചെടുത്തു. കൃഷ്ണലാൽ, ഹരിപ്രസാദ് എന്നീ വിദ്യാർഥികളെയാണ് കോടതി വിധിക്കു മുമ്പെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്. ഇവർ കോളജിലെത്തി ഫീസടച്ച് പുനഃപ്രവേശ നടപടികൾ പൂർത്തിയാക്കി.
ഇതോടൊപ്പം ഹോസ്റ്റലിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അക്ഷയ്, ദേവരാഗ്, വിപിൻ രാജ് എന്നിവർക്ക് തിരികെവന്ന് താമസിക്കാനും അനുമതി നൽകി. പ്രതിപ്പട്ടികയിൽനിന്ന് സ്വാധീനമുപയോഗിച്ച് ഒഴിവായെന്ന് ആരോപണമുയർന്ന ഒരു വിദ്യാർഥിയും ഇക്കൂട്ടത്തിലുണ്ട്. അഞ്ചുപേർക്കെതിരെയും ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഒരു വർഷത്തേക്കാണ് ഇവരെ കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നത്.
കേസിലെ പ്രതികൾക്ക് തുടർപഠനത്തിന് അനുമതി നൽകിയതിനെതിരെ സിദ്ധാർഥന്റെ അമ്മ നൽകിയ അപ്പീൽ ഹൈകോടതി പരിഗണിക്കുന്നതിനിടെയാണ് പൂക്കോട് സർവകലാശാല അധികൃതർ തിടുക്കപ്പെട്ട് വിദ്യാർഥികളെ തിരിച്ചെടുത്തത്. ആന്റി റാഗിങ് കമ്മിറ്റി വ്യാഴാഴ്ച 11 മണിക്ക് കാമ്പസിൽ ചേരുന്നുണ്ട്. സിദ്ധാർഥന്റെ ബന്ധുക്കളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അമിത താൽപര്യത്തോടെ വിദ്യാർഥികളെ യൂനിവേഴ്സിറ്റി അധികൃതർ തിരിച്ചെടുത്തത് കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്നതിനു തുല്യമാണെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
കോടതി വിധികൾക്ക് പുല്ലുവില കൽപിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടത്തുന്ന അന്വേഷണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയതടക്കം 2024 ഡിസംബറിലെ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർഥന്റെ മാതാവ് എം.ആർ. ഷീബ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സിംഗിൾബെഞ്ച് ഉത്തരവിന് നേരത്തെ പുറപ്പെടുവിച്ച സ്റ്റേ തുടരും. ഈ കാലയളവിൽ വിദ്യാർഥികളെ മണ്ണൂത്തി കാമ്പസിൽ പ്രവേശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഹരജി വീണ്ടും ഏപ്രിൽ ഒമ്പതിന് പരിഗണിക്കും.
മെയ് 19ന് അന്വേഷണം പൂർത്തിയാകുമെന്ന് സർവകലാശാല അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ സിംഗിൾബെഞ്ച് ഉത്തരവിലെ ഇടക്കാല സ്റ്റേ നീക്കണമെന്നും തങ്ങളെ മണ്ണുത്തി കാമ്പസിൽ ചേരാൻ അനുവദിക്കണമെന്നും വിദ്യാർഥികളും ആവശ്യപ്പെട്ടു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിന്റെ ഭാഗമായി ക്രൂര മർദനത്തിന് ഇരയായ സിദ്ധാർഥ് ജീവനൊടുക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.