കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ വീട്ടിലെത്തി ഡിവൈ.എസ്.പി എൻ.വി. സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബുധനാഴ്ച വീട്ടിലെത്തിയ സംഘം സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്, മാതാവ് ഷീബ, അമ്മാവൻ ഷിബു എന്നിവരോട് അധിക വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഇനി ആരെയെങ്കിലും സംശയമുണ്ടോ, കേസിൽ ഉൾപ്പെടുത്തേണ്ട ആളുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്. രണ്ടു മണിക്കൂറിലധികം വീട്ടിൽ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. രണ്ടാംതവണയാണ് അന്വേഷണ സംഘം വീട്ടുകാരുടെ മൊഴിയെടുത്തത്. സംഭവത്തിൽ അവസാനം വരെ കൂടെനിന്ന് സിദ്ധാർഥന്റെ ഫോൺ ഉപയോഗിച്ച ഇടുക്കി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം.
മരണം കഴിഞ്ഞശേഷം പരാതി കൊടുത്ത പെൺകുട്ടിയെ ഗൂഢാലോചനയിൽ മുഖ്യപ്രതിയാക്കണം. ഈ പരാതിയിൽ ഒപ്പിട്ട ജീവനക്കാരെയും പ്രതികളാക്കണം. ഇവരുടെ പേരുകൾ പ്രതിപ്പട്ടികയിൽ വരണമെന്ന് വീട്ടുകാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോളജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതായി സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.
ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർഥനെ വാതിൽ ചവിട്ടിത്തുറന്നാണ് സീനിയർ വിദ്യാർഥിയായ തന്റെ മകൻ രക്ഷപ്പെടുത്താൻ ശ്രമിച്ചതെന്ന് നെടുമങ്ങാട് ഗവ. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ, മരിച്ച ദിവസം സിദ്ധാർഥന്റെ വീട്ടിൽ വന്നുപറഞ്ഞിരുന്നു. ചവിട്ടിത്തുറന്നപ്പോൾ മകന്റെ കാലിൽ ചതവ് സംഭവിച്ചെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ, ഈ ഡോക്ടർ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞതിന് ശേഷം ഒന്നും പറയാൻ തയാറായിട്ടില്ലെന്നും സിദ്ധാർഥന്റെ പിതാവ് പറഞ്ഞു. ഈ സീനിയർ വിദ്യാർഥിയെകൂടി ചോദ്യംചെയ്താൽ കേസിൽ കൂടുതൽ വിവരം അറിയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.