കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിൽ ആയ ഷൈജ ആണ്ടവൻ കോഴിക്കോട് എൻ.ഐ.ടി യിൽ ഡീൻ ആയി ചുമതലയേറ്റു. നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. യുവജന വിദ്യാർഥി പ്രതിഷേധതത്തിൽ പങ്കെടുത്ത ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമ പോസ്റ്റിനു താഴെ എൻ.ഐ.ടി അധ്യാപികയായ ഷൈജ ആണ്ടവൻ ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് എൻ.ഐ.ടി യിൽ പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്‍റ് ഡീൻ ആയി ഷൈജ ആണ്ടവനെ നിയമിച്ചത്.
ഇന്ന് ചുമതല ഏൽക്കാൻ ഷൈജ ആണ്ടവൻ എത്തുമെന്നറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എൻ.ഐ.ടിയിൽ ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം കണക്കിലെടുത്തു പ്രധാന കവാടം ഒഴിവാക്കി മറ്റൊരു കാവടത്തിലൂടെ ഷൈജ അണ്ടവൻ ക്യാമ്പസിലെത്തി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന ഗേറ്റ് ഉപരോധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സംഘർഷമായി. പിന്നീട് മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് നടത്തിയ ഫ്രട്ടേനിറ്റി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തൊട്ടുപുറകെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഗേറ്റ് ഉപരോധിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷവസ്ഥയായി. ഗോഡ്‌സെയെ പ്രകീർത്തിച്ചതിന് വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് എടുത്ത കേസിൽ ഷൈജ അണ്ടവൻ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.