ഷുക്കൂർ വധക്കേസ്; കേസ്​ വിടുന്ന പ്രശ്നമില്ല, നെല്ലിപ്പടി കണ്ടിട്ടേ നിർത്തൂ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയിൽ ശുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അഡ്വ.ടി.പി.ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അഭിഭാഷകനെതിരായ കേസ് വിടുന്ന പ്രശ്നമില്ലെന്നും നെല്ലിപ്പടി കണ്ടിട്ടേ നിർത്തുകയുള്ളൂവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വേണ്ടിവന്നാൽ സിവിലായും ക്രിമിനലായും കേസ് നൽകും. ചിലപ്പോൾ സ്വന്തം നിലയിൽ കേസ് നൽകും. തനിക്കെതിരെ വ്യക്തിപരമായി നിരവധി വേട്ടയാടലുകൾ ഉണ്ടായിട്ടുണ്ട്. അതിന്റെയൊന്നും പിറകെ പോവുകയോ തിരികെ കേസ് നൽകുകയോ ചെയ്തിട്ടില്ല. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ചുമത്തിയ കുറ്റം പോരെന്നു പറഞ്ഞ് താൻ ഉൾപ്പെട്ട മന്ത്രിസഭ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ കേസിനെക്കുറിച്ചാണ് ആരോപണം. മൂന്നുനാല് പേരുകൾ കേൾക്കുന്നുണ്ട്.

അതെല്ലാം ഊഹാപോഹങ്ങളാണ്. കെ.പി.സി.സി പ്രസിഡന്‍റിനെ സംഭവത്തിലേക്ക് വലിച്ചിഴക്കേണ്ട. മാധ്യമങ്ങളോട് പറഞ്ഞതിൽ അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് വ്യക്തത വരുത്തിയതോടെ ആ പ്രശ്നം ഒഴിവായെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ആരോപണം അന്വേഷണ ഉദ്യോഗസ്ഥൻ തള്ളിപ്പറഞ്ഞിട്ടുണ്ട്. അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ ഇപ്പോൾ നിലനിൽക്കുന്നില്ല. പൊലീസ് അന്വേഷണത്തിൽ ഗൂഢാലോചന പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Shukur murder case; There is no problem of dropping the case - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.