കൊച്ചി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. കേസ് നിലവിലെ കോടതിയിൽനിന്ന് മാറ്റുന്നതിന്റെ ഭാഗമായുള്ള ക്രോസ് വിസ്താരത്തിൽനിന്ന് അഭിഭാഷകർ വിട്ടുനിൽക്കുകയും പ്രതികൾ ഇതിനെ പിന്തുണക്കുകയും ചെയ്തുവെന്ന പേരിൽ ജാമ്യം റദ്ദാക്കിയ നടപടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് സ്റ്റേ ചെയ്തത്. തിങ്കളാഴ്ച രാത്രിതന്നെ നടപടികൾ പൂർത്തിയാക്കി തലശ്ശേരി സ്പെഷൽ സബ് ജയിലിലേക്ക് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു.
കോടതി നടപടി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് 17 പ്രതികളും നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. രണ്ടാം സാക്ഷിയെ പ്രോസിക്യൂഷൻ വിസ്തരിച്ചപ്പോൾ ഈ സാക്ഷിയുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്നും പഠിപ്പിച്ചുവിട്ട പോലെയാണ് പെരുമാറുന്നതെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത് ജഡ്ജിയെ പ്രകോപിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ജാമ്യം റദ്ദാക്കുന്നതിലെത്തിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. സാക്ഷി വിചാരണ 25ലേക്ക് മാറ്റിയശേഷം ക്രോസ് വിസ്താരം നടത്താൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട ചില നടപടികൾ സെഷൻസ് കോടതിയിലും ഹൈകോടതിയിലും പരിഗണനയിലുള്ളതിനാൽ ക്രോസ് വിസ്താരം മാറ്റിവെക്കാൻ ഹരജിക്കാരുടെ അഭിഭാഷകൻ അഭ്യർഥിച്ചു. പ്രതികളുടെ നിലപാടും ഇതാണെന്ന് ഉറപ്പു വരുത്തിയതോടെ ‘ക്രോസ് ചെയ്യുന്നില്ല’ എന്ന് രേഖപ്പെടുത്തി വിചാരണ തുടരാൻ നിർദേശിക്കുകയും ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹരജിക്കാരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നുവെന്ന് ഹരജിക്കാർ വ്യക്തമാക്കി. ജാമ്യ വ്യവസ്ഥകളൊന്നും ലംഘിക്കാതിരുന്നിട്ടും ജാമ്യം റദ്ദാക്കിയതെന്നതടക്കം ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ജാമ്യം റദ്ദാക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ ഹൈകോടതി, തുടർന്നാണ് സ്റ്റേ ചെയ്തത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട സെഷൻസ് ജഡ്ജിയിൽനിന്ന് വിശദീകരണം തേടിയ കോടതി, ഹരജിക്കാരെ ഉടൻ ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് വിട്ടയക്കാൻ നിർദേശിച്ചു. ജഡ്ജിയുടെ വിശദീകരണം മുദ്രവെച്ച കവറിൽ രജിസ്ട്രി കോടതിക്ക് സമർപ്പിക്കാനാണ് നിർദേശം. തുടർന്ന് ഹരജി വീണ്ടും ജൂൺ അഞ്ചിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.