ചി​കി​ത്സ സ​ഹാ​യ തു​ക ക്ഷേ​ത്ര​ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ്​ കെ.​എം.​എ​സ്. ഭ​ട്ട​തി​രി​പ്പാ​ട് കു​റ്റി​പ്പു​റം ജു​മ​ുഅ​ത്ത് പ​ള്ളി ഖ​തീ​ബ് ഇ​സ്മ​യി​ൽ ബാ​ഖ​വി കോ​ട്ട​ക്ക​ലി​ന് കൈ​മാ​റു​ന്നു

മാനവമൈത്രിയുടെ സംഗമവേദിയായി ആരാധനാലയ മുറ്റം

കോട്ടക്കൽ: പതിനെട്ട് വയസ്സുകാരിയുടെ ചികിത്സക്കായി ക്ഷേത്രകമ്മിറ്റി സ്വരൂപിച്ച തുക ഏറ്റുവാങ്ങിയത് പള്ളികമ്മിറ്റി. നൂറുമീറ്റർ പരിധിയിൽ നിലകൊള്ളുന്ന കോട്ടക്കലിലെ കുറ്റിപ്പുറത്തുകാവ് ഭഗവതിക്ഷേത്രവും കുറ്റിപ്പുറം ജുമുഅത്ത് പള്ളിയുമാണ് മതമൈത്രിയുടെ ഒരു മാതൃക കൂടി തീർത്തത്. അർബുദത്തോട് മല്ലിടുന്ന ഹന്ന എന്ന വിദ്യാർഥിനിയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാട് മുഴുവൻ കൈകോർത്തപ്പോൾ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രവും അതിൽ പങ്കാളിയായി.

സ്വരൂപിച്ച 50,000 രൂപ ചികിത്സ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, ഫണ്ട് പള്ളികമ്മിറ്റി വഴി നൽകാൻ നാട് തീരുമാനിക്കുകയായിരുന്നു. ചികിത്സ സഹായ സമിതിയുടെ സാന്നിധ്യത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.എം.എസ്. ഭട്ടതിരിപ്പാട് അടക്കമുള്ള ഭാരവാഹികളാണ് തുക കൈമാറിയത്.

പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജുമഅത്ത് പള്ളി ഖതീബ് ഇസ്മയിൽ ബാഖവി കോട്ടക്കൽ തുക ഏറ്റുവാങ്ങി. ക്ഷേത്ര പുനരുദ്ധാരണ സമയത്തും ഉത്സവവേളകളിലും പള്ളി കമ്മിറ്റി അംഗങ്ങൾ ക്ഷേത്രകമ്മിറ്റിയെ പിന്തുണക്കാറുണ്ട്. നരസിംഹമൂർത്തി ക്ഷേത്രം കമ്മിറ്റി സ്വരൂപിച്ച 27,000 രൂപയും ഹന്നയുടെ ചികിത്സ ഫണ്ടിലേക്ക് കൈമാറിയിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹന്നയുടെ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. സുമനസ്സുകളുടെ കാരുണ്യത്തിൽ എത്തിയതാകട്ടെ 1,48,08,958 രൂപയും. ഇതിൽ 70 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ബാക്കി തുക വിവിധ ജില്ലകളിൽ കഴിയുന്ന രോഗികളുടെ ചികിത്സ ചെലവിലേക്ക് കൈമാറി.

സഹായസമിതി ഭാരവാഹികളായ അമരിയില്‍ നൗഷാദ് ബാബു, അജിത് കൊട്ടാരത്തില്‍, ഫൈസല്‍ മുനീര്‍, പൊതുപ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലം, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഓട്ടോ ഡ്രൈവറായ സെയ്തലവിയുടേയും ബുഷ്റയുടേയും മകളാണ് ഹന്ന.

Tags:    
News Summary - Shrine courtyard with model of religious friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.